മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ് ഐക്ക് സസ്പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ റേഞ്ച് ഡി ഐ ജി സസ്പെന്‍റ് ചെയ്തത്. മലപ്പുറം എസ് പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പെരുമ്പടപ്പ് എസ് ഐയായ എന്‍ ശ്രീജിത്ത് നിരന്തരമായി സ്വര്‍ണ്ണക്കടക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയത്. മുമ്പ് ഇയാള്‍ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഇതേ ആരോപണം ഉയര്‍ന്നിരുന്നു. പൊലീസിന്‍റെ വാഹന പരിശോധനാ റൂട്ടിന്‍റെ വിവരങ്ങളടക്കം സ്വര്‍ണ്ണകടത്ത് സംഘത്തിന് കൈമാറിയിരുന്നതായാണ് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്. 

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി എസ് ഐ സാമ്പത്തിക ഇടപാട് നടത്തിയതിന്‍റെ തെളിവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം എസ് പി എസ് ശശിധരനാണ് എസ് ഐയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഡി ഐ ജിക്ക് കൈമാറിയത്. തുടര്‍ന്ന് ഡി ഐ ജി അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. എസ് ഐയും സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് കസ്റ്റംസും പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്.