തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്.
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്. കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം. ഇവിടെ കോൺഗ്രസിന് ഡെമ്മി സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. ഫലത്തിൽ കടമക്കുടി ഡിവിഷനിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാകും. എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം. അതേസമയം, തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സിപിഎം സ്ഥാനാർത്ഥി കെ കെ സന്തോഷിന്‍റെ പത്രികയും തള്ളി.സത്യപ്രസ്താവന ഒപ്പിടാത്തതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഇവിടെ ഡമ്മിയായി പത്രിക നൽകിയ പ്രസാദ് ഔദ്യോഗിക സ്ഥാനാർഥിയാകും.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് എൽസി ജോര്‍ജ്
തിരഞ്ഞെടുപ്പ് മുതൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് സ്ഥാനാർത്ഥി എൽസി ജോർജ് പറഞ്ഞു. പത്രികയിൽ പിഴവുകളില്ലെന്നായിരുന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞത്. പത്രിക സമർപ്പിച്ചതിനുശേഷം ആണ് തന്‍റെ ഡിവിഷനപ്പുറത്തു നിന്നുള്ളവരാണ് നാമനിർദ്ദേശപത്രിയിൽ ഒപ്പിട്ടതെന്ന കാര്യം വ്യക്തമായത്. പുതിയ പത്രികയുമായി ഉച്ചയ്ക്കുശേഷം 2.55 നു തന്നെ കളക്ടറുടെ ചേംബറിന് മുന്നിൽ എത്തിയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു പത്രിക സ്വീകരിച്ചില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി കളക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ടെന്നും എൽസി ജോര്‍ജ് പറഞ്ഞു.
കല്‍പ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി
വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയിലും യുഡിഎഫിന് വൻ തിരിച്ചടി. നഗരസഭ ചെയർമാൻ സ്ഥാനാർത്ഥി ആകേണ്ടിയിരുന്ന രവീന്ദ്രന്‍റെ പത്രിക തള്ളി. കല്‍പ്പറ്റ നഗരസഭയിലെ 23ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത്. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. വാർഡിൽ ഡമ്മി സ്ഥാനാർത്ഥിയായ പ്രഭാകരന്‍റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
കൊല്ലത്ത് യുഡിഎഫിൽ തര്‍ക്കം
കൊല്ലം ജില്ലാ പഞ്ചായത്ത് പത്തനാപുരം ഡിവിഷനിൽ യുഡിഎഫിൽ തർക്കം. കോൺഗ്രസും - കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒരേ സീറ്റിൽ മത്സര രംഗത്തുള്ളതാണ് തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്. പത്തനാപുരം ഡിവിഷൻ വിട്ടുകൊടുക്കില്ലെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. വിനീത് വിജയനാണ് കേരള കോൺഗ്രസ് ജോസഫ് സ്ഥാനാർത്ഥിആലുവിള ബിജുവിനായി കോൺഗ്രസും രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി പോസ്റ്ററിടിച്ച് ഇരുവിഭാഗവും ഡിവിഷനിൽ പ്രചരണം തുടങ്ങി.



