Asianet News MalayalamAsianet News Malayalam

കാട്ടാനയെ രക്ഷിക്കാൻ വനംവകുപ്പ് ശ്രമിച്ചില്ലെന്ന് നാട്ടുകാർ, പ്രതികളെ ഉടൻ പിടികൂടുമെന്ന് വനംവകുപ്പ്

നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്ന് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാൽ എവിടെ വെച്ചാണ് ആനയ്ക്ക് അപകടം സംഭവിച്ചതെന്ന് കണ്ടെത്താനായില്ല

locals against forest department on the death of pregnant wild elephant
Author
Palakkad, First Published Jun 4, 2020, 11:05 AM IST

പാലക്കാട്: ഗർഭിണിയായ കാട്ടാനയ്ക്ക് പൈനാപ്പിളിൽ പടക്കം വച്ചു നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ. കാട്ടാനയെ രക്ഷിക്കാൻ വനംവകുപ്പ് സമയോചിതമായി ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് വായിൽ പൊള്ളലേറ്റ കാട്ടാന രണ്ടു മൂന്ന് ദിവസം ജനവാസകേന്ദ്രത്തിൽ ചുറ്റിക്കറങ്ങി നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് അരുവിയിലിറങ്ങി നിന്നതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം കാട്ടാന മരണപ്പെട്ട സംഭവത്തിൽ വനംവകുപ്പിൻ്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പടക്കം പൊട്ടി പൊള്ളലേറ്റ ആന ചരിയാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് വനം വകുപ്പിൻ്റെ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. അതേസമയം സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് ചില സൂചനകൾ വനംവകുപ്പിന് ലഭിച്ചതായി വിവരമുണ്ട്. വരും മണിക്കൂറുകളിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 

തിരിവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.  പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നാണ് വെള്ളിയാർ പുഴയിൽ ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവം അന്വേഷിക്കാൻ കോഴിക്കോട് നിന്നുള്ള പ്രത്യേക വനം വകുപ്പ് സംഘത്തെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. 

സൈലന്റ് വാലി വനമേഖലയിൽനിന്ന് പുറത്തിറങ്ങിയ 15 വയ്യസ് തോന്നിക്കുന്ന പിടിയാന നാല് ദിവസം മുൻപ് ചരിഞ്ഞത് ഒട്ടനവധി ദുരൂഹതകൾക്കാണ് ഇടയാക്കിയത്. ആനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടി തകർന്നതായി വ്യക്തമായിരുന്നു. 

നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്ന് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാൽ എവിടെ വെച്ചാണ് ആനയ്ക്ക് അപകടം സംഭവിച്ചതെന്ന് കണ്ടെത്താനായില്ല. സമീപവാസികളായ നാട്ടുകാരെ ചോദ്യം ചെയ്തെങ്കിലും ഇതു സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ല.

അവശനിലയിൽ കണ്ട ആനയ്ക്ക് ചികിത്സ നൽകാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും വെള്ളത്തിൽ നിൽക്കുന്നതിനിടെ ഒരു മാസം ഗർഭിണിയായ ആന ചരിയുകയായിരുന്നു. 1996 -ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിൽ സമാന രീതിയിൽ കാട്ടാന ചരിഞ്ഞിരുന്നു.

കർഷകർ പന്നിയെ തുരത്താനായി ഉപയോഗിക്കുന്ന പടക്കം നിറച്ച പൈനാപ്പിളാണ് ആനയുടെ മരണത്തിനിടയക്കിയതെന്നാണ് പ്രഥമിക നിഗമനം. സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായതോടെയാണ് മുഖ്യമന്ത്രി തന്നെ സംഭവത്തിൽ നേരിട്ട് ഇടപെട്ടത്.

അതേ സമയം കേരളത്തിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന് ബിജെപി നേതാവ് മേനക ഗാന്ധി കുറ്റപ്പെടുത്തിയത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴി തുറന്നു. കാട്ടാന ചെരിഞ്ഞത് പാലക്കാട് ജില്ലയിലെ സൈലൻ്റ് വാലി വനമേഖലയിലാണെങ്കിലും സംഭവം നടന്നത് മലപ്പുറത്താണെന്നും ഇത്തരം ക്രൂരകൃത്യങ്ങൾക്ക് കുപ്രസിദ്ധമാണ് മലപ്പുറം ജില്ലയെന്നും മനേകാ ഗാന്ധി കുറ്റപ്പെടുത്തുന്നു. 

Follow Us:
Download App:
  • android
  • ios