മലപ്പുറം: ലോക്ക് ഡൗൺ കുടുങ്ങി ദിവസങ്ങളായി സര്‍ക്കസ് കൂടാരത്തില്‍ തന്നെ കഴിയുന്ന കലാകാരൻമാര്‍ക്കും പക്ഷി മൃഗാദികള്‍ക്കും ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലിയുടെ സഹായം.നഒരു മാസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കളും മൂന്നുലക്ഷം രൂപയും എം എ യൂസഫലി  സർക്കസ് മാനേജ്മെൻ്റിന് കൈമാറി. മലപ്പുറം കോട്ടക്കലില്‍ നൂറോളം  കലാകാരൻമാരും പക്ഷി മൃഗാദികളും സര്‍ക്കസ് കൂടാരത്തില്‍ ഭക്ഷണത്തിനു പോലും വകയില്ലാതെ ബുദ്ധിമുട്ടിക്കഴിയുന്നത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നവരാണ് ഈ കലാകാരൻമാര്‍. കോമാളി വേഷം കെട്ടി ചിരിപ്പിക്കുകയും ഇവരുടെ ജോലിയാണ്. ലോക്ഡൗണിനെ തുടര്‍ന്ന്  ഈ കൂടാരത്തില്‍ ഭക്ഷത്തിനും കുടിവെള്ളത്തിനും പോലും ബുദ്ധിമുട്ടിക്കഴിഞ്ഞിരുന്ന ഇവരുടെ പ്രയാസം കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ക്ക് മാത്രമല്ല മൃഗങ്ങളും പക്ഷികളും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുണ്ടെന്ന് വാര്‍ത്തയിലൂടെയറിഞ്ഞ എം എ യൂസഫലി പെട്ടന്നുതന്നെ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ആരും സഹായിച്ചില്ലെങ്കില്‍ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ ആശങ്കയില്‍ കഴിഞ്ഞിരുന്ന കലാകാരൻമാര്‍ക്ക് ഇത് വലിയ സഹായയമായി. ഭക്ഷണത്തിനും കുടിവെള്ളത്തിനും മറ്റാരോടും സഹായം തേടാതെ  ഇനിയുള്ള ദിവസങ്ങളില്‍ കഴിയാമെല്ലോയെന്ന ആശ്വാസത്തിലാണ് സര്‍ക്കസ് കൂടാരത്തിലെ നൂറോളം കലാകാരൻമാര്‍.