Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ഓൺലൈൻ ഡെലിവറിക്കാരേയും വിരട്ടി; ലോക്ഡൗൺ കാലത്തെ പൊലീസ് ദ്രോഹത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ

കൊല്ലം നഗരത്തിലെ ഹോട്ടലിൽ രാത്രി ഏഴു മണിക്ക് പാഴ്സല്‍ സ്വീകരിക്കാനെത്തിയ ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരെ പൊലീസ് വിരട്ടിയോടിച്ചപ്പോൾ വ്യാപാരിക്കുണ്ടായ നഷ്ടം ഏതാണ്ട് 20000 രൂപയാണ്. 

lock down shop owners protest against police
Author
Trivandrum, First Published Jun 14, 2021, 1:51 PM IST

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസും സെക്റ്ററല്‍ മജിസ്ട്രേറ്റുമാരും  ദ്രോഹിക്കുന്നെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരികൾ പ്രതിഷേധിച്ചു. കൊല്ലത്തും കൊച്ചിയിലും  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ടു.  തൃശൂരില്‍ ഒരു മണിക്കൂര്‍ നീണ്ട കടയടപ്പ് സമരത്തിലൂടെയാണ് വ്യാപാരികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

അകാരണമായും ഔചിത്യം ഇല്ലാതെയും പൊലീസ് ദ്രോഹിക്കുന്നു എന്നാണ് കടയുടമകളുടെ പ്രധാന പരാതി. ഉദാഹരണമായി കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിലെ ഒരു ഹോട്ടലിൽ ഉണ്ടായ സംഭവവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാത്രി ഏഴ് മണിയോടെ പാര്‍സൽ സ്വീകരിക്കാനെത്തിയ ഓൺലൈൻ ഡെലിവറി ജീവനക്കാരെ പൊലീസെത്തി വിരട്ടിയോടിച്ചു.

പത്ത് മിനിറ്റു കൂടെ കാത്തിരുന്നെങ്കിൽ ഭക്ഷണ പൊതികളുമായി ഡെലിവറി ജീവനക്കാര്‍ പോകുമായിരുന്നിടത്താണ് പൊലീസ് നടപടി ഉണ്ടായത്. ഇതോടെ കട ഉടമക്ക് നഷ്ടമായത് ഏകദേശം 20000 രൂപയാണ്. ഈ തരത്തില്‍ പൊലീസിന്‍റെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും ഔചിത്യമില്ലാത്ത പെരുമാറ്റം ജീവിതം ദുസഹമാക്കുന്നെന്നാരോപിച്ചാണ് കൊല്ലത്തെ വ്യാപാരികള്‍ കടയടപ്പ് സമരം നടത്തിയത്.

വാടക ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണമെന്നും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്ക് നിയന്ത്രണം വേണമെന്നുമുളള ആവശ്യങ്ങളും  വ്യാപാരികള്‍ ഉയര്‍ത്തുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മേഖലാടിസ്ഥാനത്തില്‍ നില്‍പ്പു സമരം നടത്തിയാണ് കടയടച്ചിട്ട വ്യാപാരികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios