തിരുവനന്തപുരം: കേസുകൾ കുത്തനെ കൂടുകയാണെങ്കിലും കർശന അടച്ചുപൂട്ടലൊഴിവാക്കി കൂടുതൽ മേഖലകൾ തുറക്കണമെന്ന അഭിപ്രായം സംസ്ഥാനത്ത് ശക്തമാവുകയാണ്. കോവിഡ് വ്യാപനം തടയാൻ അടച്ചുപൂട്ടൽ ദീർഘകാല പരിഹാരമല്ലെന്നും ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നത് തടയാൻ ഊന്നൽ നൽകണമെന്നും സർക്കാർ വിദഗ്ദസമിതിയംഗമായിരുന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നു.

വിജനമായ ഈ തീരം പോലെ കേരളത്തിന്റെ വിനോദസഞ്ചാര മേഖല ആളൊഴിഞ്ഞ് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കേരളത്തിന്റെ പ്രധാന വരുമാന മാർഗം ഇനിയെന്ന് തിരിച്ചുവരുമെന്ന് പറയാനേ ആവില്ല. ആരാധനാലയങ്ങൾക്ക് ചുറ്റും ജീവിച്ചുപോന്ന പതിനായിരക്കണക്കിന് പേർക്ക് വരുമാനമടഞ്ഞിട്ടും ഇത്രയും നാളുകളായി. വിനോദ സഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും സ്കൂളുകളും അടഞ്ഞുതന്നെ കിടക്കുന്നു. സിനിമാതിയേറ്ററുകളടക്കം തുറക്കാമെന്ന കേന്ദ്രം പറയുമ്പോൾ കേരളത്തിലും ചർച്ച സജീവം.

ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ തിരുവനന്തപുരത്ത് പ്രതിദിനം 54 കേസുകൾ. പിൻവലിച്ച് തുറന്നപ്പോൾ പ്രതിദിനം 201 രോഗികൾ. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ചികിത്സയിലുണ്ടായിരുന്നത് 130 രോഗികളായിരുന്നെങ്കിൽ പിൻവലിക്കുമ്പോൾ 3455 ആയി. അടച്ചിടേണ്ടത് മാസ്കുപയോഗിച്ച്.

സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോകാതെ, ക്ലസ്റ്റർ കണ്ടെയിന്മെന്റ് ആണ് കേരളത്തിന്റെ നിലവിലെ രീതി.
വൈറസ് വ്യാപനം പരമാവധി വൈകിപ്പിച്ച് വാക്സിൻ വരുന്നത് പിടിച്ചു നിൽക്കാനാണ് ശ്രമം. വ്യാപനം മുകളിലേക്ക് പോകുന്ന അതേ സമയം കുറഞ്ഞുവരാനും എടുക്കുമെന്ന് ചുരുക്കം. 

അതിന് നൽകുന്ന വിലയാണ് ഇപ്പോൾ സഹിക്കുന്ന നഷ്ടങ്ങളെന്നാണ് നിലവിലെ രീതിയെ അംഗീകരിക്കുന്നവരുടെ വാദം. ഏതായാലും കോവിഡ് പ്രതിരോധത്തിൽ പുതിയ ചർച്ചകൾ വഴിതുറക്കുകയാണ്.