ട്വിൻ്റി 20 യുമായുള്ള സഖ്യം ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങൾ പറയുന്നതിന് മറുപടി നൽകേണ്ടതില്ലെന്നായിരുന്നു സുരേന്ദ്രൻ്റെ മറുപടി. 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചർച്ച നടന്നു. ഘടക കക്ഷികൾക്ക് വിട്ടുകൊടുക്കുന്ന സീറ്റുകളെ സംബന്ധിച്ച വിവരങ്ങളും അഭിപ്രായങ്ങളും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ആരൊക്കെ മത്സരിക്കും എന്നതിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റേതാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ട്വിൻ്റി 20 യുമായുള്ള സഖ്യം ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങൾ പറയുന്നതിന് മറുപടി നൽകേണ്ടതില്ലെന്നായിരുന്നു സുരേന്ദ്രൻ്റെ മറുപടി. 

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിലുണ്ടെന്നാണ് സൂചന. പത്തനംതിട്ടയിൽ പിസി ജോർജ്ജും മകൻ ഷോൺ ജോർജ്ജും പരിഗണനയിലാണ്. എറണാകുളത്ത് അനിൽ ആൻ്റണിക്കൊപ്പം കിറ്റെക്സ് എംഡി സാബു ജേക്കബിനെയും പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും നിർമ്മലാ സീതാരാമൻ്റെയും വരെ പേരുകൾ പറഞ്ഞുകേട്ടിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ പാർട്ടി ഏറ്റവും പ്രധാന്യം നൽകുന്ന തലസ്ഥാന നഗരത്തിന്റെ പട്ടികയിൽ ഇപ്പോൾ മുൻപന്തിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് ഉള്ളത്. കുമ്മനം രാജശേഖരനെ കൊല്ലത്തും പരിഗണിക്കുന്നുണ്ട്. ഒപ്പം ശോഭാ സുരേന്ദ്രൻ്റെയും ബിബി ഗോപകുമാറിൻറെയും പേരുകളും കൊല്ലത്തുണ്ട്.