ഏറ്റവും ശ്രദ്ധേയമായ മീമുകളിലൊന്ന് എറണാകുളം ജില്ലാ കളക്‌ടറുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഗംഗയുടെ മീമായിരുന്നു
കൊച്ചി: മീമുകള്‍ മുതല്‍ വീഡിയോകള്‍ വരെ... ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടര്‍മാരെ കൂടുതലായി ആകര്‍ഷിക്കാന്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വലിയ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി ചീഫ് ഇലക്‌ടറല്‍ ഓഫീസറുടെയും വരണാധികാരികളായ കളക്‌ടര്‍മാരുടെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴി ആകര്‍ഷകമായ കോണ്ടന്‍റുകള്‍ വോട്ടര്‍മാരിലേക്ക് എത്തുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ മീമുകളിലൊന്ന് എറണാകുളം ജില്ലാ കളക്‌ടറുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഗംഗയുടെ മീമായിരുന്നു. 'എന്താ ഞാന്‍ പോയാല്? ഞാന്‍ പോകും... വോട്ട് ചെയ്യും' എന്ന കുറിപ്പോടെയായിരുന്നു മീം. ഹിറ്റ് സിനിമയായ മണിച്ചിത്രത്താഴില്‍ നടി ശോഭന തകര്‍ത്തഭിനയിച്ച ഗംഗയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു മീം. ഈ മീം വലിയ ശ്രദ്ധപിടിച്ചുപറ്റിയപ്പോള്‍ നിരവധി പേരാണ് കളക്‌ടറെ പ്രശംസിച്ച് കമന്‍റുകള്‍ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് അവബോധം സൃഷ്‌ടിക്കുന്നതിന്‍റെ ഭാഗമായി നിരവധി പ്രചാരണ പരിപാടികളാണ് എറണാകുളം കളക്‌ടര്‍ സംഘടിപ്പിക്കുന്നത്. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്‌ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (SVEEP) പദ്ധതി വഴി സംസ്ഥാനത്തുടനീളം വിപുലമായി തെരഞ്ഞെടുപ്പ് അവബോധ പരിപാടികള്‍ നടക്കുന്നുണ്ട്.
2024 ഏപ്രില്‍ 19 മുതല്‍ ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയും പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 97 കോടിയോളം വോട്ടര്‍മാരാണ് ഇക്കുറി സമ്മതിദാനം വിനിയോഗിക്കാന്‍ യോഗ്യരായുള്ളത്.
Read more: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അണിനിരന്ന് 41 ലക്ഷം സ്ത്രീകള്‍; റെക്കോര്‍ഡ്, ചരിത്രമെഴുതി അസം
