തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് സുരേഷ് ഗോപി ചെയ്തതെന്ന് മന്ത്രി കെ രാജൻ.
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് കെ രാജൻ ചോദിക്കുന്നു. യുഡിഎഫിന്‍റെ നയമല്ല പറഞ്ഞതെങ്കിൽ യുഡിഎഫ് നടപടി എടുക്കണ്ടേയെന്ന് മന്ത്രി പ്രതികരിച്ചു.
താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്ന് കെ രാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എംപി സുരേഷ് ഗോപി ചെയ്തതെന്ന് കെ രാജൻ വിമർശിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും കെ രാജൻ ചോദിക്കുന്നു.
ഇടതു മുന്നണി വൻ വിജയം നേടുമെന്ന് എൽഡിഎഫ് കണ്‍വീനർ
പ്രതീക്ഷിച്ചതിലും വലിയ വിജയം ഇടതു മുന്നണി നേടുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ അവകാശപ്പെട്ടു. വർഗീയ കൂട്ടുകെട്ട് കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. യുഡിഎഫിൻ്റെ ഭാഗമായാണ് വെൽഫയർ പാർട്ടി പ്രവർത്തിക്കുന്നത്. തീവ്രവാദ - വർഗീയ സംഘടനകളുമായി എൽഡിഎഫ് സഹകരിക്കില്ല സഖ്യവുമില്ല. ആർക്ക് വേണമെങ്കിലും എൽഡിഎഫിന് വോട്ട് ചെയ്യാം. ജമാഅത്തെ ഇസ്ലാമി മുമ്പ് പിന്തുണച്ചിട്ടുണ്ടാകാം. അത് അവരുടെ തീരുമാനമാണ്. ജമാഅത്തുമായി ഒരിക്കൽപോലും ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ വിശദീകരിച്ചു.
ശബരിമലയിലെ ഒരു തരി സ്വർണം പോലും നഷ്ടമാവില്ല. തെറ്റു ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും എൽഡിഎഫ് കണ്‍വീനർ പറഞ്ഞു. പത്മകുമാറിനെതിരെ സംഘടനാപരമായി മാത്രമെ നടപടിയെടുക്കാൻ കഴിയൂ. കുറ്റാരോപിതൻ ആകുമ്പോഴെ നടപടിയെടുക്കാൻ കഴിയില്ല. സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ പ്രതിഫലനം ആകും തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. കോൺഗ്രസിനെ പിളർത്തി ബിജെപിയെ ശക്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. അതിനു ശശി തരൂരിന്റെ നിലപാട് ശക്തി പകർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി
ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. കോണ്‍ഗ്രസിനടക്കം ലഭിച്ച പരാതികളിൽ ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. വെൽ ഡ്രാഫ്റ്റഡ് പരാതിയായിരുന്നുവെന്നും അതിന് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അതിന്‍റെ ഉദ്ദേശം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്‍റെ നിലപാടായിട്ടേ കാണാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിജീവിതയ്ക്കൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


