Asianet News MalayalamAsianet News Malayalam

'ബന്ധുവിന്‍റെ നിയമനത്തിനായി മാറ്റം നിര്‍ദ്ദേശിച്ചത് മന്ത്രി തന്നെ'; ജലീലിനെ കുരുക്കിയ കത്ത് പുറത്ത്

ബന്ധുവായ അദീബിന്റെ നിയമനത്തിനായി മന്ത്രി തന്നെയാണ് മാറ്റം നിർദേശിച്ചത്. ന്യൂന പക്ഷ വികസന കോർപറേഷൻ സെക്രട്ടറിക്കായിരുന്നു കത്ത്. ലോകായുക്ത ഉത്തരവിന്റ പ്രധാന കാരണം ജലീലിന്റെ ഈ കത്താണ്. 

lokayukta report letter of k t jaleel out
Author
Thiruvananthapuram, First Published Apr 10, 2021, 10:22 AM IST

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് കുരുക്കായ കത്ത് പുറത്ത്. ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലെ യോഗ്യതയിൽ മാറ്റം വരുത്താന്‍ മന്ത്രി നിർദേശിച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. ബന്ധുവായ അദീബിന്റെ നിയമനത്തിനായി മന്ത്രി തന്നെയാണ് മാറ്റം നിർദേശിച്ചത്. ന്യൂനപക്ഷ വികസന കോർപറേഷൻ സെക്രട്ടറിക്കായിരുന്നു കത്ത്. ലോകായുക്ത ഉത്തരവിന്റ പ്രധാന കാരണം ജലീലിന്റെ ഈ കത്താണ്. 

കോർപ്പറേഷൻ നിർദേശിക്കാതെ മന്ത്രി മാറ്റം ആവശ്യപ്പെട്ടത് ബന്ധുവിന് വേണ്ടിയാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമാണ് ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്. ന്യൂന പക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി നൽകിയ പരാതിയിലാണ് വിധി.

ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നുണ്ട്. 

അതേസമയം, ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ ടി ജലീൽ. ഇതുസംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹർജി എത്തിക്കാനാണ് ശ്രമം.

Follow Us:
Download App:
  • android
  • ios