ധാരണപത്രമുണ്ടാകാതെയും, സർക്കാർ അനുമതിയില്ലാതെയും ടെക്നോപാർക്കിൽ മുൻ ഡിജിപി ലോകാനാഥ് ബെഹ്റ പൊലീസുകാരെ വിന്യസിച്ചിലൂടെ രണ്ടു കോടി 75 ലക്ഷം രൂപയാണ് സർക്കാരിന് നഷ്ടം

തിരുവനന്തപുരം: ടെക്നോപാർക്കിൽ സുരക്ഷയ്ക്കായി പൊലീസുകാരെ ചട്ടവിരുദ്ധമായി വിന്യസിച്ചത് വലിയ ബാധ്യതയാകുമെന്ന് മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ നിരവധി തവണ അറിയിച്ചിരുന്നുവെന്ന് രേഖകള്‍. സ്റ്റേറ്റ് ഇൻഡ്രസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്‍റെ കമാൻഡന്‍റുമാർ ഇക്കാര്യം അറിയിച്ചിട്ടും ബെഹ്റ പൊലീസിനെ പിൻവലിച്ചില്ല. കമാൻഡർമാരുടെ കത്തുകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ചട്ടവിരുദ്ധമായി പൊലീസുകാരെ വിന്യസിച്ചതിലൂടെ രണ്ട് കോടിലധികം രൂപ സർക്കാരിന് നഷ്ടം സംഭവിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നിരുന്നു.

ധാരണപത്രമുണ്ടാകാതെയും, സർക്കാർ അനുമതിയില്ലാതെയും ടെക്നോപാർക്കിൽ മുൻ ഡിജിപി ലോകാനാഥ് ബെഹ്റ പൊലീസുകാരെ വിന്യസിച്ചിലൂടെ രണ്ടു കോടി 75 ലക്ഷം രൂപയാണ് സർക്കാരിന് നഷ്ടം. അക്കൗണ്ട് ജനറൽ ക്രമക്കേട് കണ്ടെത്തിയതോടെ ഈ പണം ആരിൽ നിന്ന് ഈടാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാരും. സ്റ്റേറ്റ് ഇൻഡ്രസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ 22 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ടെക്നോപാർക്ക് ആവശ്യപ്പെട്ടത്. പൊലിസുമായുള്ള ധാരണപത്രം പ്രകാരം ഇവർക്കുള്ള പണവും ടെക്നോപാർക്ക് നൽകുന്നുണ്ട്. 

ഇതിന് പുറമേയാണ് 18 വനിതാ പൊലീസുകാരെ തന്റെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്ത് ബെഹ്റ സുരക്ഷയ്ക്കായി വിട്ടുനൽകിയത്. ഈ 18 പൊലീസുകർക്കുള്ള ശമ്പളം 2017 മുതൽ ടെക്നപാർക്ക് നൽകുന്നില്ല. ഇക്കാര്യം ചൂണ്ടികാട്ടി 2017 മുതൽ എസ്ഐഎസ്എഫ് കമാണ്ടൻറുമാർ കത്ത് നൽകിയിരുന്നു. കമാണ്ടൻറുമാരായിരുന്ന വിമൽ, സേവ്യർ, ദിവ്യ ഗോപിനാഥ്, സിജിമോൻ ജോർജ്ജ് എന്നിവരാണ് കത്ത് നൽകിയത്. സർക്കാരിനുള്ള ബാധ്യത പെരുകുകയാണെന്നറിഞ്ഞിട്ടും അധികമായി നൽകിയ സുരക്ഷ മുൻ ഡിജിപി പിൻവലിക്കാതിരുന്നതാണ് സർക്കാരിന് തിരിച്ചടിയായത്. 

2017 നവംബർമാസത്തിൽ 18 പൊലീസുകാരുടെ കുടിശിക 7,30,800 ആയിരുന്നു. 2021 ആയപ്പോഴേക്കും കുടിശിക രണ്ടു കോടി കഴിഞ്ഞു. അതായത് മുന്നറിയിപ്പ് നേരത്തെ പരിഗണിച്ചെങ്കിൽ ഈ വൻ നഷ്ടം ഉണ്ടാകുമായിരുന്നില്ല. ഈ അധിക സുരക്ഷ വല്ലാത്ത ബാധ്യതയാകുമെന്നറിയാവുന്ന കേരള പൊലീസ്, ബെഹ്റ വിമരിച്ചതിൻെറ തൊട്ടടുത്ത ദിവസം 18 പൊലീസുകാരെയും പിൻവലിച്ച് ഉത്തരവിറക്കുകയും ചെയ്തു. മുൻ ഡിജിപി വരുത്തിയ കുടിശികയിൽ പരിഹാരം തേടി ഇപ്പോഴത്തെ ഡിജിപി സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ കത്തിന്മേൽ ആഭ്യന്തരവകുപ്പ് ഇത് വരെ തീരുമാനം എടുത്തിട്ടില്ല.