തെരഞ്ഞെടുപ്പ് തിരക്കില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയപ്പോള്‍ ആലപ്പുഴ ജില്ലയില്‍ വ്യാപക നിലംനികത്തൽ. അമ്പലപ്പുഴയിലെ അഞ്ചേക്കറിലേറെ നിലവും തോടുമാണ് ജെസിബിയുടെ സഹായത്തോടെ നികത്തിത്തുടങ്ങിയത്.
ആലപ്പുഴ: ആലപ്പുഴ പുറക്കാട് തെരഞ്ഞെടുപ്പിന്‍റെ മറവിൽ നടന്ന വൻ അനധികൃത നിലംനികത്ത് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. അമ്പലപ്പുഴയിലെ അഞ്ചേക്കറിലേറെ നിലവും തോടുമാണ് ജെസിബിയുടെ സഹായത്തോടെ നികത്തിത്തുടങ്ങിയത്. നിലംനികത്താന്‍ ഉപയോഗിച്ച ജെസിബിയും പിടിച്ചെടുത്തു.
രണ്ടാഴ്ച മുമ്പാണ് പുറക്കാട് പഞ്ചായത്തിലെ രണ്ടാംവാർഡിലെ വിളപ്പിൽ ഭാഗം എന്ന പ്രദേശത്ത് നിലംനികത്താൻ തുടങ്ങിയത്. റവന്യൂ രേഖകളിൽ നിലം എന്ന് രേപ്പെടുത്തിയ ഈ ഭൂമിയിലൂടെ ഒരു ചെറുതോടും ഒഴുകുന്നുണ്ട്. ഇവിടെ മണ്ണിട്ട് ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതി നൽകിയതോടെ ഈ മാസം പതിനൊന്നിന് പുറക്കാട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു.
സ്റ്റോപ്പ് മെമ്മോ വകവയ്ക്കാതെ വീണ്ടും നികത്ത് തുടർന്നപ്പോൾ സബ് കളക്ടർ കൃഷ്ണ തേജ ഐഎഎസ്സും പുറക്കാട് വില്ലേജ് ഓഫീസറുമെത്തി നികത്ത് തടഞ്ഞ് ജെസിബി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജെസിബി പൊലീസിന് കൈമാറി. നെൽവയൽ നീർത്തട സംരക്ഷണ നിയമമനുസരിച്ച് നടപടി എടുക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാനുള്ള സാധ്യത തേടുമെന്ന് സബ്കലക്ടർ കൃഷ്ണ തേജ ഐ എ എസ് പറഞ്ഞു.
