വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം.പല ഡോക്ടർമാരും നേഴ്സുമാരും ജോലി കൃത്യമായി ചെയ്യുന്നില്ല എന്നാരോപിച്ച് നല്കിയ പരാതിയിലാണ് നിർദേശം. .
തിരുവനന്തപുരം: ഡോക്ടർമാരും നേഴ്സുമാരും സർക്കാർ ഉത്തരവ് പ്രകാരം ഉള്ള ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇപ്രകാരം ഡ്യൂട്ടി കൃത്യമായി ചെയ്യാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത സർക്കാരിനോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് സമഗ്രമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുവാനും നിർദ്ദേശം നല്കി. ഡോക്ടർമാരും നേഴ്സുമാരും സർക്കാർ ഉത്തരവ് പ്രകാരം ഉള്ള ഡ്യൂട്ടി കൃത്യമായി ചെയ്യുന്നില്ല എന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശി രവി ഉള്ളിയേരി നല്കിയ പരാതിയിലാണ് ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റീസ് ഹാറുൺ ഉൾ റഷീദ് എന്നിവരുടെ ഡിവിഷൻ' ബെഞ്ച് നിർദ്ദേശം നല്കിയത്. പരാതിയിൽ ഉന്നയിച്ച വിഷയത്തിന് മേൽ അന്വഷണം നടത്തുവാൻ IPS ഉദ്യോഗസ്ഥനായ ശ്രീ ദീനേന്ദ്ര കശ്യപിനെ ലോകായുക്ത നിയമിച്ചിരുന്നു. ഡോക്ടർമാർ 8 മുതൽ 1 വരെയും 8 മുതൽ 2 വരെയും 9 മുതൽ 2 വരെയും ഒക്കെ വിവിധ സമയക്രമത്തിലാണ് വിവിധ ആശുപത്രികളിൽ ഡ്യൂട്ടി ചെയ്യുന്നതെന്നും, ഡ്യൂട്ടി സമയം തീരുന്നതിന് മുൻപ് ആശുപത്രിയിൽ നിന്നും പോകുന്നുണ്ടെന്നും നൈറ്റ് ഡ്യൂട്ടിക്ക് മുൻപും അടുത്ത ദിവസവും ഡ്യൂട്ടി ചെയ്യാറില്ലെന്നും ശ്രീ ദീനേന്ദ്ര കശ്യപ് റിപ്പോർട്ട് ചെയ്തിരുന്നു.
{ഇത് സംബന്ധിച്ച് 2015 ൽ പുറപ്പെടുവിച്ച ഉത്തരവിൽ പ്രീ നൈറ്റ് ഡ്യൂട്ടി ഓഫ് അനുവദനീയം അല്ല എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പിന്നീട്
2017 ൽ ഇറക്കിയ സർക്കാർ ഉത്തരവിൽ ഡ്യൂട്ടി സമയം 9 മുതൽ 2 വരെയാണെന്നും പ്രതിപാദിച്ചിട്ടുണ്ട്. ( 1 മുതൽ 2 വരെയുള്ള ഇടവേള ഒഴിവാക്കി ). ഈ ഉത്തരവിൽ പ്രീ നൈറ്റ് ഡ്യൂട്ടി ഓഫ് അനുവദിച്ചിട്ടുണ്ട് എന്ന് പരാമർശിച്ചിട്ടില്ല}
ഡോക്ടർമാരും നേഴ്സുമാരും സർക്കാർ ഉത്തരവ് പ്രകാരം ഉള്ള ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് പരിശോധിച്ച് കണ്ടെത്തണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സർക്കാരിന് നിർദ്ദേശം നല്കണമെന്നും ശ്രീ ദിനേന്ദ്ര കശ്യപിൻ്റെ അന്വഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതായി സ്പെഷ്യൽ ഗവ: പ്ലീഡർ ലോകായുക്തയെ അറിയിച്ചു.
