കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകി.
തിരുവനന്തപുരം: വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് കേരളത്തിൽ 9 ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇടുക്കിയിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അതായത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ നാലിന് തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തമിഴ്നാട്ടിൽ വ്യാപക മഴ, 22 ജില്ലകളിൽ മുന്നറിയിപ്പ്
ന്യൂനമർദ്ദം കൂടുതൽ ദുർബലമായെങ്കിലും തമിഴ്നാട്ടിൽ വ്യാപകമായി മഴ തുടരുന്നു. തമിഴ്നാട്ടിലെ 22 ജില്ലകളിലും പുതുച്ചേരിയിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ ചെന്നൈയിലും തിരുവള്ളൂരിലും രാവിലെ മുതൽ ശക്തമായ മഴ ലഭിച്ചു. ചെന്നൈ പുരസൈവാക്കത്ത് വീടിന്‍റെ ചുവരിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ് . ചെന്നൈയിൽ വീടിന്‍റെ ചുവരിടിഞ്ഞ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ തകർന്നു. ചെന്നൈ അടക്കം 7 ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. 24 മണിക്കൂർ കൂടി തമിഴ്നാട്ടിൽ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനിടെ ഡിഎംകെ സർക്കാരിന് ജനങ്ങളോട് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ വെള്ളക്കെട്ടും ദുരിതവും അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് ടി വി കെ അധ്യക്ഷൻ വിജയ് കുറ്റപ്പെടുത്തി.


