കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു; വീണ്ടും മഴ ശക്തമാകുന്നു
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24, 27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതടക്കമുള്ള സാഹചര്യമാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24, 27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്. ഇത് പ്രകാരം നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദ്ദപാത്തി അറിയിപ്പ് ഇപ്രകാരം
മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 24, 27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
24/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
25/08/2024 : കണ്ണൂർ, കാസർഗോഡ്
26/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
27/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
'രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ അന്ന് പറഞ്ഞിരുന്നു', സ്ഥിരീകരിച്ച് ജോഷി ജോസഫ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം