അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 2-3 ദിവസം മിതമായ ഇടത്തരം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് - കിഴക്കൻ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് - കിഴക്കൻ-കിഴക്കൻ കാറ്റ് ശക്തമായിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത രണ്ടോ മൂന്നോ ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
അതേസമയം ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിർദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് 08-11-2023 ന് രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 08-11-2023 ന് രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8