വയനാട്:  മഠത്തില്‍ നിന്ന് തന്നെ ഇറക്കിവിടാനുള്ള സന്യാസി സമൂഹത്തിന്‍റെ തീരുമാനം നിയമപരമായി നടപ്പാക്കാനാവുന്നതല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. അതുകൊണ്ട് തന്നെ മഠത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും ലൂസി കളപ്പുര പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് കര്‍ശന നിലപാടിലാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി). മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഇവര്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍,  ഇക്കാര്യം ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്‍റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പ്രതികരിച്ചു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്‍റെ  പേരിലാണ് ലൂസി കളപ്പുരയെ  സഭയിൽ നിന്ന് പുറത്താക്കിയത്.  മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.  കാരണം കാണിക്കൽ നോട്ടീസിന്  ലൂസി കളപ്പുര നല്‍കിയ  വിശദീകരണം  തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും  പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.