എം എ ബേബി താൻ കമ്മ്യൂണിസ്റ്റായതിന്‍റെ വഴികൾ വിശദീകരിക്കുന്നു. കുട്ടിക്കാലത്തെ ക്രൈസ്തവ മൂല്യങ്ങളും യുക്തിവാദവും കടന്ന് മാർക്സിസത്തിൽ എത്തിയതിനെക്കുറിച്ചും, വിശ്വാസിയായ അമ്മയുടെ പിന്തുണയെക്കുറിച്ചും അദ്ദേഹം നിയമസഭ പുസ്തകോത്സവത്തിൽ സംസാരിച്ചു. 

തിരുവനന്തപുരം: കുട്ടിക്കാലത്ത് അമ്മയുടെ കൂടെ പള്ളിയിൽ പോയി ക്രിസ്തു വചനങ്ങൾ കേൾക്കുക ചെയ്തതിന്‍റെ കൂടി ഫലമായാണ് താൻ കമ്മ്യൂണിസ്റ്റായതെന്ന് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. നിയമസഭ പുസ്തകോത്സവത്തിൽ 'കഥ, കഥാപാത്രം, കഥാകൃത്ത്' എന്ന സെഷനിൽ എബ്രഹാം മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് അമ്മയുടെ കൂടെ പള്ളിയിൽ പോയിരുന്ന, അൾത്താര ബാലൻ ആയിരുന്ന ബേബിയെക്കുറിച്ച് എബ്രഹാം മാത്യു എഴുതിയ 'ദൈവം നടന്ന വഴികൾ' എന്ന കഥയിൽ ഊന്നിയായിരുന്നു ചർച്ച.

കുട്ടിക്കാലത്തെ ക്രൈസ്തവ മൂല്യങ്ങൾ കൂടിയാണ് ഞാൻ കമ്മ്യൂണിസ്റ്റ് ആകുന്നതിനുള്ള പശ്ചാത്തലമൊരുക്കിയത് എന്ന് പറയാം. യേശുവിന്‍റെ പ്രബോധനങ്ങളിലൂന്നി സമത്വസുന്ദരമായ ലോകത്തെക്കുറിച്ചും നീതിയെക്കുറിച്ചും പറഞ്ഞ മുൻ മാർപാപ്പ ഫ്രാൻസിസ് മാർപാപ്പയോട് എനിക്ക് വളരെ ആദരവാണ്. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ 'മാനസോല്ലാസം' എം പി ജോസഫിന്റെ 'യുക്തിപ്രകാശം' എന്നിവ വായിച്ചും പ്രൊഫ. കോവൂരിന്റെ പ്രഭാഷണങ്ങൾ കേട്ടുമാണ് പള്ളിയിൽ പോയിരുന്ന ബാലൻ യുക്തിവാദത്തിലേക്ക് തിരിഞ്ഞത്.

ആ ഘട്ടത്തിലാണ് എറണാകുളത്ത് പി ഗോവിന്ദപിള്ളയുടെ പ്രഭാഷണം ശ്രവിച്ച് യുക്തിവാദത്തിനപ്പുറം മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് ബേബി പറഞ്ഞു. വിശ്വാസിയായ അമ്മയിൽ നിന്ന് പഠിച്ച ഏറ്റവും വലിയ മൂല്യത്തിന്‍റെ പാഠവും ബേബി ഓർത്തെടുത്തു. 'യുക്തിവാദി സമ്മേളനത്തിന് പോകാൻ പണമില്ലാതെ നിന്ന എനിക്ക് വിശ്വാസിയായ അമ്മയാണ് അയൽവീട്ടിൽ നിന്ന് പണം കടം വാങ്ങി തന്നത്. അത്‌ വലിയ ഒരു പാഠമായിരുന്നു'.

വിശ്വാസിയായ അമ്മയെ യുക്തിവാദത്തിന്‍റെ ലൈനിൽ കൊണ്ടുവരാൻ ശ്രമിക്കുക എന്ന മഠയത്തരവും അക്കാലത്തു താൻ നടത്തിയിരുന്നതായി ബേബി പറഞ്ഞു. 'ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ആ ശ്രമം മഠയത്തരവും യുക്തിഹീനവുമായി മനസിലാകുന്നു'. തന്‍റെ സ്വഭാവത്തിൽ മോശം കാര്യമായി കരുതുന്നത് പല മേഖലകളിലുള്ള താൽപ്പര്യത്താൽ ഏതെങ്കിലും ഒരു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല എന്നതാണ്. വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാത്ത വ്യക്തിയാണ് ഞാൻ. പക്ഷെ, അങ്ങനെയല്ല വേണ്ടത്.

ഒരു ജീവൻ എടുക്കുന്നതിനെ പോലും ന്യായീകരിക്കാൻ പറ്റില്ല. ഹിംസ ആവശ്യമില്ലാത്ത സമത്വപൂർണമായ ലോകമാണ് മാർക്സിസം വിഭാവനം ചെയ്യുന്നത്. ഭരണകൂടം പോലുമില്ല. പക്ഷേ, ചരിത്രത്തിൽ രക്‌തചൊരിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്രസമരം അഹിംസയിൽ ഊന്നിയായിരുന്നു എന്ന് പറയുന്നത് വലിയൊരളവിൽ സത്യമാണ്. പക്ഷെ, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.

'കൂറ്റൻ' എന്ന വാക്ക് കേൾക്കുമ്പോൾ തനിക്ക് കൊല്ലം എസ്എൻ കോളേജിൽ പഠിപ്പിച്ചിരുന്ന പ്രിയ അധ്യാപകനും സാഹിത്യവിമർശകനുമായ കെ പി അപ്പനെ ഓർമ്മ വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. 'ഞാൻ ആർട്സ് ക്ലബ് സെക്രട്ടറിയായ വേളയിൽ ഒരു റിപ്പോർട്ട് അപ്പൻ സാറിന് സമർപ്പിച്ചിരുന്നു. അതിൽ ഒറ്റ തിരുത്താണ് അദ്ദേഹം വരുത്തിയത്. 'കടുത്ത വെല്ലുവിളി' എന്നെഴുതിയത് അപ്പൻ സാർ 'കൂറ്റൻ വെല്ലുവിളി' എന്ന് തിരുത്തി'.

പുരുഷമേധാവിത്വ പെരുമാറ്റം വീട്ടിൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. സ്വന്തം പത്രങ്ങൾ കഴുകി വെക്കുക, മീൻ വറുക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിൽ മാത്രമേ ഭാര്യയെ സഹായിക്കാറുള്ളൂ. സുനിൽ പി ഇളയിടം പോലുള്ളവർ വീട്ടിൽ മുറ്റമടിക്കുന്നത് ഉൾപ്പെടെ എല്ലാ ജോലികളും പങ്കാളിയുമായി പങ്കിട്ട് ചെയ്യുന്നത് മാതൃകയാണ്. ദൈവം ഒരു തർക്കവിഷയമോ ചർച്ചാവിഷയമോ ആക്കേണ്ടതില്ലെന്ന് എം എ ബേബി പറഞ്ഞു. 'പ്രപഞ്ചമാണ് ശക്തി. എന്നെ സംബന്ധിച്ച് പ്രധാനം മനുഷ്യനും പ്രകൃതിയുമാണ്. പ്രകൃതി യുടെ ഭാഗമാണ് മനുഷ്യൻ. സർവ്വശക്തനായ, ഒരു ഇല അനങ്ങിയാൽ പോലുമറിയുന്ന ദൈവം ഇല്ല എന്നാണ് എന്‍റെ ബോധ്യം. ഉണ്ടായിരുന്നെങ്കിൽ ഗാസയിൽ പിഞ്ചു കുഞ്ഞുങ്ങൾ കൊല്ലപ്പെടുമായിരുന്നില്ല. എങ്കിൽ പോലും ദൈവം ഉണ്ടോ എന്നത് തർക്കവിഷയം ആക്കേണ്ടതില്ല' ബേബി പറഞ്ഞു.