തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, പറ്റിയ തെറ്റുകൾ തിരുത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. വ്യാജ നിർമ്മിതികൾ തിരിച്ചടിയായെന്നും ചരിത്രം ഓർക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
കോഴിക്കോട്: തിരിച്ചടിയുടെ പശ്ചാത്തലം ഉണ്ടെങ്കിലും സിപിഎമ്മിനുള്ളത് ഉജ്ജ്വല ചരിത്രമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. എന്ത് പറ്റിയെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തണം. 'നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്' എന്ന കടമ്മനിട്ടയുടെ വരികൾ എം എ ബേബി ഉദ്ധരിച്ചു. തെറ്റുകൾ പറ്റാത്തവരല്ല, പറ്റിയ തെറ്റുകളിലെ തുറന്ന് പറയലുകളും തിരുത്തലുകളും ആണ് വേണ്ടതെന്ന് എം എ ബേബി പറഞ്ഞു. ചരിത്രം ഓർമ്മയില്ലാത്ത പോലെ ആണ് സിപിഎമ്മിനെതിരായ പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയവും കാരണവും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ നിർമ്മികൾ സിപിഎമ്മിന് തിരിച്ചടിയാണ്. അത് തിരിച്ചറിയാൻ കഴിയാതെ പോയോ എന്നും പരിശോധിക്കണം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ നിർമ്മിതി വിമോചന സമരം ആണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും എം എ ബേബി പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.
അതിനിടെ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല വീഴ്ച സംഭവിച്ചതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരാൻ ശ്രമിച്ചതിൽ പാർട്ടി വിജയിച്ചില്ലെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക് പറഞ്ഞു. വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പാർട്ടിയെ ശക്തിപ്പെടുത്തി 2029-ൽ എൽഡിഎഫ് ജയിക്കുന്ന കേരളമുണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്തുകൊണ്ടാണ് തിരിച്ചടിയുണ്ടായതെന്നും ചില വീഴ്ചകളുണ്ടായെങ്കിലും ഇത്രയും നല്ല ഭരണമുണ്ടായിട്ടും എന്തുകൊണ്ടാണ് ജനം എതിരായതെന്നും കഴിഞ്ഞ മൂന്നു മാസമായി പാർട്ടിയുടെ എല്ലാ തലങ്ങളിലും ചർച്ച ചെയ്തിരുന്നു. പാർട്ടി അടിത്തട്ട് വരെ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. ഇനി ഇതെല്ലാം ആവർത്തിച്ചു പറയാനല്ല സംസ്ഥാന സമിതി. എന്തെല്ലാമാണ് രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ വീഴ്ചകളെന്ന് തിട്ടപ്പെടുത്തി. അവ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും ഈ ദൗർബല്യങ്ങൾ മറികടക്കാനും എന്താണ് വേണ്ടത്, അതിനുള്ള പ്രവർത്തന പരിപാടിക്ക് രൂപം നൽകാനാണ് ഈ വിശാല സമിതി ചേരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

