Asianet News MalayalamAsianet News Malayalam

'ഇഎംഎസ് തുടങ്ങിയ മഹാരഥന്മാരോട് എതിരിട്ട് പ്രവർത്തിച്ച പ്രതിഭാശാലിയായ നേതാവ്'; മാണിയെക്കുറിച്ച് എം എ ബേബി

'കേരളത്തിൻറെ രാഷ്ട്രീയ ഭൂമികയിൽ കെ എം മാണി തന്‍റേതായ ഒരു വ്യവസ്ഥ സൃഷ്ടിച്ചു. മാണി സാറിനെ ഇന്ന് രാഷ്ട്രീയത്തിൽ നിലനില്‍ക്കുന്ന സങ്കല്പനങ്ങൾക്കുള്ളിൽ നിർവചിക്കുന്നത് എളുപ്പമല്ല'

M A Baby remembers k m mani
Author
Trivandrum, First Published Apr 9, 2019, 7:50 PM IST

തിരുവനന്തപുരം: കെ എം മാണിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്‍റെ വിടപറയലെന്ന് എം എ ബേബി. കേരളത്തിൻറെ രാഷ്ട്രീയ ഭൂമികയിൽ തന്‍റേതായ ഒരു വ്യവസ്ഥ സൃഷ്ടിച്ച മാണി സാറിനെ രാഷ്ട്രീയത്തിൽ ഇന്ന് നിലനില്ക്കുന്ന സങ്കല്പനങ്ങൾക്കുള്ളിൽ നിർവചിക്കുന്നത് എളുപ്പമല്ല. 1980കളിൽ മാണി സാർ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലായിരുന്ന കാലത്ത് തുടങ്ങിയ ഒരു ബന്ധം ആണ് ഇന്ന് ആകസ്മികമായി അവസാനിക്കുന്നത്. ഞങ്ങളുടെ ഓർമകളിൽ എന്നും മാണിസാറുമായുള്ള ഊഷ്മള ബന്ധം ഉണ്ടാവുമെന്നും എം എ ബേബി കുറിച്ചു.

എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
 

കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിൻറെ വിടപറയലാണ് കെ എം മാണിയുടെ നിര്യാണത്തോടെ സംഭവിക്കുന്നത്. 1965 ൽ എം എൽ എ ആയ മാണി സാർ അമ്പതുകൾ മുതൽ സജീവ രാഷ്ട്രീയ നേതാവായിരുന്നു. ഇ എം എസ് തുടങ്ങിയ മഹാരഥന്മാരോട് എതിരിട്ട് പ്രവർത്തിച്ച പ്രതിഭാശാലിയായ രാഷ്ട്രീയ നേതാവാണ് കെ എം മാണി. ആ തലമുറയിൽ ഇനി വിരലിലെണ്ണാവുന്നവരേ ജീവിച്ചിരിപ്പുള്ളു.

കേരളത്തിൻറെ രാഷ്ട്രീയ ഭൂമികയിൽ കെ എം മാണി തന്‍റേതായ ഒരു വ്യവസ്ഥ സൃഷ്ടിച്ചു. മാണി സാറിനെ ഇന്ന് രാഷ്ട്രീയത്തിൽ നിലനില്‍ക്കുന്ന സങ്കല്പനങ്ങൾക്കുള്ളിൽ നിർവചിക്കുന്നത് എളുപ്പമല്ല. അദ്ദേഹം ഒരു ബൂർഷ്വാ രാഷ്ട്രീയ നേതാവല്ലേ എന്നു പറഞ്ഞാൽ കെ എം മാണി എന്ന കർഷക നേതാവ് മുന്നോട്ടു കയറി വരും. ഒരു ക്രിസ്ത്യൻ നേതാവ് എന്നു പറഞ്ഞാൽ മതേതരത്വത്തോട് വലിയ കൂറുള്ള ഒരു കെ എം മാണിയെ ആണ് നാം അവിടെ കാണുക. നിർവചനങ്ങൾക്കുള്ളിൽ ഒതുങ്ങാത്തതിനാലായിരിക്കും അദ്ദേഹം തനിക്കായി നിർവചനങ്ങളുണ്ടാക്കി. 

അധ്വാന വർഗ സിദ്ധാന്തം എന്ന വാദം ആ സാഹചര്യത്തിലാണ് അവതരിപ്പിക്കപ്പടുന്നത്. മാർക്സിസത്തിന്‍റെയും മറ്റു രാഷ്ട്രീയ ചിന്തകളുടെയും വെളിച്ചത്തിൽ നമുക്ക് മാണി സാറിന്‍റെ ചിന്തകളെ തള്ളിക്കളയാം. പക്ഷേ, കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന കൃഷിക്കാരുടെ അവകാശങ്ങൾ എന്ന കണ്ണടവച്ചു നോക്കിയാൽ മാണി സാറിന്‍റെ വാദങ്ങളിൽ പഠിക്കാനേറെയുണ്ട്. മാണി സാർ ഒരു അക്കാദമിക പണ്ഡിതനായിരുന്നില്ല. പക്ഷേ, ഒരു മലയാളി ന്യൂനപക്ഷ കർഷകന്‍റെ സിദ്ധാന്തം അദ്ദേഹം ഉണ്ടാക്കി. ഭാവി കേരളം അതിനെ ഗൗരവത്തോടെ കാണും.

മാണിസാറിന്‍റെ സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും എന്‍റെ ആദരാഞ്ജലി. 1980കളിൽ മാണി സാർ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലായിരുന്ന കാലത്ത് തുടങ്ങിയ ഒരു ബന്ധം ആണ് ഇന്ന് ആകസ്മികമായി അവസാനിക്കുന്നത്. ഞങ്ങളുടെ ഓർമകളിൽ എന്നും മാണിസാറുമായുള്ള ഊഷ്മള ബന്ധം ഉണ്ടാവും.
 

Follow Us:
Download App:
  • android
  • ios