Asianet News MalayalamAsianet News Malayalam

തുഷാറിന്‍റെ കേസില്‍ ഇടപെടില്ല; വിശദീകരണവുമായി എം എ യൂസഫലി

ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഈ കേസിലുണ്ടായ ബന്ധമെന്ന് എം എ യൂസഫലി

M A Yusuff Ali says that he will not interfere in the case of Thushar Vellapally
Author
Ajman - United Arab Emirates, First Published Aug 28, 2019, 10:38 PM IST

അജ്‍മാന്‍: തുഷാറിനെതിരായ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഈ കേസിലുണ്ടായ ബന്ധമെന്ന് വ്യക്തമാക്കിയ എം എ യൂസഫലി കേസില്‍ ഇടപെടില്ലന്ന് വ്യക്തമാക്കി. യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്.  ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്.  നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളുവെന്നും എം എ യൂസഫലിയുടെ ഓഫീസ് വ്യക്തമാക്കി. 

എം എ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ അജ്‍മാൻ പൊലീസ് അറസ്റ്റ് ചെയ്ത  തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത്. അതേസമയം കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമം വൈകുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് യാത്രാവിലക്ക് മറികടക്കാന്‍ ശ്രമിച്ചെങ്കിലും  തുഷാറിന് കോടതിയില്‍ നിന്നും നേരിട്ടത് വന്‍ തിരിച്ചടി. സ്വദേശിയുടെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് സ്വന്തം പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന അപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതോടെ കേസ് നടത്തി കഴിയാതെ ഇനി തുഷാറിന് തിരിച്ച് വരാൻ സാധിക്കില്ല. 

എം എ യൂസഫലിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം 

തുഷാർ വെള്ളാപ്പള്ളിയുമായി  ബന്ധപ്പെട്ട കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന  ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ്  യുഎഇയിൽ  നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യഇടപെടലുകൾ ഒരുതരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്.  നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളു. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ  എം എ യൂസഫലിക്കുണ്ടായ ഏകബന്ധം. അതല്ലാതെ  അദ്ദേഹം  ഈ കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല.

Follow Us:
Download App:
  • android
  • ios