സ്പീക്കറായി തുടരുന്നത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിത്തന്നെയാണ്. സ്പീക്കർ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ചട്ടമില്ലെന്നും എം ബി രാജേഷ്
കണ്ണൂര്‍: സ്പീക്കർ പാര്‍ട്ടി കോണ്‍ഗ്രസില്‍ (cpm party congress) പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് എം ബി രാജേഷ് (M B Rajesh). ലോക്സഭാ സ്പീക്കർമാരടക്കം പാർട്ടി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. സ്പീക്കറായി തുടരുന്നത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിത്തന്നെയാണ്. സ്പീക്കർ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ചട്ടമില്ലെന്നും എം ബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം സിപിഎം പാർട്ടി കോണ്‍ഗ്രസിന്‍റെ രണ്ടാം ദിനമായ ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച നടക്കും.

കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ച പൂർത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നൽകും. ഇന്നലെ മൂന്ന് മണിക്കൂർ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ റഷ്യക്കെതിരെ കടുത്ത വിമർശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്. പുടിൻ്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണ്. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി പറഞ്ഞു.
- 'കെവി തോമസിന്‍റെ ചാഞ്ചാട്ടം പാർട്ടിക്ക് നാണക്കേട്;വിലക്ക് മറികടന്നാല്‍ പുറത്താക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: സിപിഎം സെമിനാറിന് പോകുമെന്ന് പ്രഖ്യാപിച്ചാൽ അടുത്ത നിമിഷം തന്നെ കെ വി തോമസിനെ (K V Thomas) കോൺഗ്രസിൽ (Congress) നിന്ന് പുറത്താക്കണമെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്. സോണിയാ ഗാന്ധിയുടെ വിലക്ക് മറികടക്കുന്ന നേതാക്കളെ വെച്ചുപൊറുപ്പിക്കരുത്. കെ വി തോമസിന്‍റെ ഈ ചാഞ്ചാട്ടം പാർട്ടിക്ക് തന്നെ നാണക്കേടാണെന്നും മാർട്ടിൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമോയെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11 ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്. എന്നാൽ ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്.
