കൂടുതല്‍ സമചിത്തതയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായെന്നും സഭയില്‍ രാഷ്ട്രീയ ശരി ഉയര്‍ത്തിപ്പിടിക്കാനായെന്നും എം ബി രാജേഷ് പറഞ്ഞു. 

തിരുവനന്തപുരം: മന്ത്രിസ്ഥാനം പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയെന്ന് എം ബി രാജേഷ്. പുതിയ പദവിയില്‍ ജനതാല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കും. സ്പീക്കര്‍ പദവി നല്‍കിയത് വിലപ്പെട്ട അനുഭവ സമ്പത്താണ്. കൂടുതല്‍ സമചിത്തതയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായെന്നും സഭയില്‍ രാഷ്ട്രീയ ശരി ഉയര്‍ത്തിപ്പിടിക്കാനായെന്നും എം ബി രാജേഷ് പറഞ്ഞു.

എ എന്‍ ഷംസീര്‍ സഭയെ നയിക്കാന്‍ കഴിവുള്ളയാളെന്നും രാജേഷ് പറഞ്ഞു. ഷംസീറിന് തന്നെ ശാസിക്കാനും അനുസരിപ്പിക്കാനുമൊക്കെ ആകും. അഞ്ചിന് ഗവര്‍ണര്‍ തിരിച്ചെത്തിയ ശേഷം ആറിന് രാവിലെ 11 മണിക്കാണ് എംബി രാജേഷിന്‍റെ സത്യപ്രതിജ്ഞ. നിയമസഭ പ്രത്യേകം സമ്മേളിക്കണോ അതോ ഒക്ടോബറിൽ മതിയോ എന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും

സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതോടെയാണ് എം ബി രാജേഷിനെ മന്ത്രിയാക്കാനും എ എൻ ഷംസീറിനെ സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചത്. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എം വി ഗോവിന്ദന്‍. എം വി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എം ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് ഇന്നലെ വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്.

സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12 നായിരിക്കും സത്യപ്രതിജ്ഞ. രണ്ടുതവണ എം പിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് എം ബി രാജേഷ് സഭയിലെത്തിയത്. തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എ എന്‍ ഷംസീര്‍ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്.