ലോകത്തിൽ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെയാണെന്ന് എം ലീലാവതി. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്യ അതിൽ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ലെന്ന് ലീലാവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കൊച്ചി: സൈബർ ആക്രമണത്തിൽ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. എം ലീലാവതി. എതിർപ്പുകളോട് വിരോധമില്ലെന്ന് ലീലാവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എതിർക്കുന്നവർ സ്വതന്ത്രമായി എതിർക്കട്ടെ, അവരോട് ശത്രുതയില്ല. എതിർപ്പുകൾ നേരിട്ട് തന്നെയാണ് തുടക്കം മുതൽ തന്റെ ജീവിതമെന്നും ലീലാവതി കൂട്ടിച്ചേർത്തു. ലോകത്തിൽ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെയാണ്. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്യ അതിൽ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ല. ഗസയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എങ്ങനെയാണ് തൊണ്ടയിൽ നിന്ന് ചോറ് ഇറങ്ങുക എന്നായിരുന്നു ടീച്ചറുടെ പരാമർശം. ഈ പരാമർശത്തിലായിരുന്നു ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം.

എം ലീലാവതിക്ക് നേരെ സൈബർ ആക്രമണം

‘വിശന്നൊട്ടിയ വയറുമായി നിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾ’ എന്ന ലീലാവതിയുടെ പരാമർശത്തിന് എതിരെയാണ് സമൂഹ മാധ്യമങ്ങളിൽ‍ സൈബർ ആക്രമണം നടക്കുന്നത്. തന്റെ 98-ാം പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെച്ച് ലീലാവതി പറഞ്ഞ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്നായിരുന്നു പിറന്നാൾ ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത്. ഇതിന് പിന്നാലെ ലീലാവതിക്ക് നേരെ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു. ഗാസയിൽ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോ എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമർശനം. ലീലാവതിയുടെ പ്രസ്താവനയെ അനുകൂലിച്ചും ഒട്ടേറെ പേർ പ്രതികരിക്കുന്നുണ്ട്.

ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം കേരളത്തിന്‍റെ എല്ലാ നന്മകളെയും ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. സൈബർ ആക്രമണത്തിനെതിരെ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.