തിരുവനന്തപുരം: തെറ്റുതിരുത്തൽ നടപടി ചർച്ചചെയ്യാൻ സിപിഎം മാരത്തണ്‍ യോഗങ്ങൾ ചേരുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ എം എം ലോറൻസിന്‍റെ മകൾ ആശാ ലോറൻസിന്‍റെ പരാതി. ജോലിയിൽ നിന്നും പുറത്താക്കി തന്നോട് കാട്ടിയ തെറ്റും പാർട്ടി തിരുത്തണമെന്നാണ് ആശയുടെ കത്ത്. മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മകൾ ആശ ലോറൻസ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയെല്ലാം ശ്രദ്ധ ക്ഷണിച്ചാണ് പാർട്ടിക്ക് കത്ത് നൽകിയിരിക്കുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി വീണ്ടുവിചാരം നടത്തുമ്പോൾ തന്നോട് കാട്ടിയ അനീതിക്കും പരിഹാരം വേണമെന്നാണ് ആശയുടെ ആവശ്യം. സിഡ്കോയിൽ കരാർ ജീവനക്കാരിയും പിന്നീട് ദിവസവേതനത്തിലേക്കും മാറ്റിയ ആശയെ കഴിഞ്ഞ മെയ് ആറിന് പിരിച്ചുവിട്ടു. മകൻ മിലൻ ശബരിമല പ്രക്ഷോഭത്തിൽ ബിജെപിക്കൊപ്പം സഹകരിച്ചതിന് ശേഷമുള്ള പ്രതികാര നടപടിയെന്നാണ് ആശയുടെ ആരോപണം. 

കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ സഹോദരിയും സിഡ്കോ ജീവനക്കാരിയുമായ ലില്ലിയുടെ അടക്കം ഇടപെടലുകൾ പരാമർശിച്ചാണ് സിപിഎം നേതൃത്വത്തിന് ആശ പരാതി നൽകിയത്. പാർട്ടി തീരുമാനപ്രകാരമാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി ഇ പി ജയരാജൻ തന്നെ അറിയിച്ചതായും ആശ പരാതിയിൽ വ്യക്തമാക്കുന്നു. ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ സിഡ്കോയിൽ ജോലി തിരികെ ലഭിക്കാൻ പാർട്ടി ഇടപെടണമെന്നാണ് ആശയുടെ അപേക്ഷ.