തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം എം മണി. എന്നാല്‍ യുവതീപ്രവേശം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതും സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി. വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിൽ പോവാറില്ലെന്നും എന്നാല്‍ അല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബിജെപിക്കും കോൺഗ്രസിനും ഇരട്ടത്താപ്പെന്നെും വെറുതെ ബഡായി പറയുകയാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി മുന്‍വിധി സ്റ്റേ ചെയ്‍തിട്ടില്ല. അതുകൊണ്ട് തന്നെ വിശാല ബെഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാകില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ടത്.

ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം നിരവധി കേസുകളാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. അതിനാൽ തന്നെ മതവിശ്വാസവും ഭരണഘടനയും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ഇനി ഏഴ് അംഗങ്ങളിൽ കുറയാത്ത വിശാല ബെഞ്ച് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചാൽ മാത്രമേ പുന:പരിശോധനാ ഹര്‍ജികളിലടക്കം വിധി പറയാനാകൂ.