പാലാ: കെസ്ഇബിയുടെ പുതിയ പവർഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി വൈദ്യുതി മന്ത്രി എം എം മണി. ചെന്നിത്തലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എം എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രസരണ വിതരണ രംഗത്തെ ശക്തിപ്പെടുത്താനുള്ള പുതിയ സാങ്കേതിക വിദ്യയാണ് പവർഗ്രിഡെന്ന് പറഞ്ഞ എം എം മണി ഇതിന്‍റെ കണക്കുകളെല്ലാം കൃത്യമാണെന്നും ഓ‍ഡിറ്റിന് വിധേയമാണെന്നും വ്യക്തമാക്കി. പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വിജയിക്കാൻ പോകുന്നതിന്‍റെ അങ്കലാപ്പാണ് ചെന്നിത്തലയ്ക്കെന്നും അത് കൊണ്ടാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നതെന്നും  വൈദ്യുതി മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ രേഖാമൂലം പരാതി നൽകുകയാണ് ചെന്നിത്തല ചെയ്യേണ്ടതെന്ന് പറഞ്ഞ എം എം മണി, പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വ ബോധം കാണിക്കണമെന്നും കൂട്ടിച്ചേർത്തു. 

വൻകിട ട്രാൻസിഗ്രിഡിന് കീഴിലെ കോട്ടയം ലൈൻസ് കോലത്ത് നാട് പദ്ധതികളില്‍ കോടികളുടെ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇഷ്ടക്കാരായ കമ്പനികളെ ഉള്‍പ്പെടുത്താൻ പ്രീക്വാളിഫിക്കേഷൻ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്നും ആരോപണമുണ്ട്. കെഎസ്ഇബിയില്‍ സാധാരണ ഗതിയില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് ഉദ്യോഗസ്ഥ സമിതിയാണ്. എന്നാല്‍ ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ കാര്യത്തില്‍ ഒരു ചീഫ് എഞ്ചിനീയര്‍ മാത്രം എസ്റ്റിമേറ്റ് തയ്യാറാക്കി,  ങ്ങനെ ചെയ്യുന്നതിനെതിര വിജിലൻസ് നല്‍കിയ മാനദണ്ഡം കാറ്റില്‍പ്പറത്തിയെന്നും ചെന്നിത്തല ആരോപിക്കുന്നു. സാധാരണ നിരക്കിലും 60 ശതമാനം ഉയര്‍ന്ന തുകയ്ക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നും ഇതിലും 80 ശതമാനം ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കിയെന്നും ചെന്നിത്തല ആരോപിക്കുന്നു.