തിരുവനന്തപുരം: സ്വാഭാവിക ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹർജി നൽകി. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശിവശങ്കർ ജാമ്യ ഹർജി നൽകിയത്. പൂർണ കുറ്റപത്രമല്ല നൽകിയിരിക്കുന്നത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ഇഡി തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ സിആര്‍പിസി 167 പ്രകാരം സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ഹർജിയിലെ വാദം.

അതേസമയം, സ്വര്‍ണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി സ്വര്‍ണ്ണക്കള്ളടത്തിനായി എം ശിവശങ്കർ ദുരുപയോഗം ചെയ്തെന്ന് കസ്റ്റംസ് വാദിക്കുന്നു. സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ശിവശങ്കറെന്നും കസ്റ്റംസ് ആരോപിച്ചു. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് കസ്റ്റംസിന്‍റെ വാദം. സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ക്കൊപ്പം നയതന്ത്ര കള്ളക്കടത്തില്‍ എം ശിവശങ്കര്‍ സജീവമായി പങ്കെടുത്തിരുന്നുവെന്ന് കസ്റ്റംസിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നു.  

Also Read: "സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ" ; എം ശിവശങ്കറിനെതിരെ തെളിവ് നിരത്തി കസ്റ്റംസ്