സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണം തന്‍റേതാണെന്നും ശിവശങ്കർ കേന്ദ്ര ഏജൻസികളോട് ഇതേവരെ സമ്മതിച്ചിട്ടില്ല
തിരുവനന്തപുരം: സ്വർണ കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കൈയ്യൊഴിഞ്ഞതോടെ ഇത് നാലാം തവണയാണ് കേന്ദ്ര ഏജൻസികൾ എം ശിവശങ്കറെ അറസ്റ്റു ചെയ്യുന്നത്. തന്‍റെ ബാങ്ക് ലോക്കറിലെ പണം ശിവശങ്കറിനുളള കോഴ പണമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞതോടെയാണ് ശിവശങ്കറിന് വീണ്ടും ഏജൻസികൾ വളഞ്ഞത്. ലൈഫ് മിഷൻ കോഴക്കേസിൽ സിബിഐയും അന്വേഷണവും തുടരുന്നതിനിടെയാണ് എൻഫോഴ്സ്മെന്‍റിന്‍റെ അറസ്റ്റ്.
സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണം തന്‍റേതാണെന്നും ശിവശങ്കർ കേന്ദ്ര ഏജൻസികളോട് ഇതേവരെ സമ്മതിച്ചിട്ടില്ല. മറ്റു മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നാലാം തവണയും വിലങ്ങ് വീണത്. 2020 ഒക്ടോബർ 29നായിരുന്നു ശിവശങ്കറിന്‍റെ ആദ്യ അറസ്റ്റ്. കോടതി മുൻകൂർ ജാമ്യം തളളിയതോടെ സ്വർണക്കളളക്കടത്തിലെ കളളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റാണ് അറസ്റ്റ് ചെയ്തത്.
'മുഖ്യമന്ത്രി രാജിവക്കണം, ശിവശങ്കറിന്‍റെ അറസ്റ്റോടെ ധാർമികമായി തുടരാനാകില്ല'; കെ സുരേന്ദ്രൻ
അതിനും മുന്നേ തന്നെ ലോക്കറിലെ പണലും സ്വർണവും എൻ ഐ എ കണ്ടെടുത്തിരുന്നു. ഇതെല്ലാം തന്‍റേതെന്ന നിലപാടിലായിരുന്നു അന്ന് സ്വപ്ന സുരേഷ്. എന്നാൽ പിടികൊടുക്കാതെ പുറത്തുനിന്നിട്ടും ശിവശങ്കർ തന്നെ സഹായിച്ചില്ലെന്ന് തിരിച്ചറിഞ്ഞാണ് സ്വപ്ന സുരേഷ്, അദ്ദേഹത്തെ കൈയ്യൊഴിഞ്ഞത്.
അറസ്റ്റിലായി 98 ദിവസത്തെ ജയിൽ വാസത്തിനിടെ 2020 നവംബർ 23ന് കസ്റ്റംസും ജയിലിൽ പോയി അറസ്റ്റുചെയ്തു. സ്വർണക്കളളക്കടത്തിലും ഡോളർ കളളക്കടത്തിലുമായി രണ്ടു കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തു. എല്ലാത്തിലും ജാമ്യം കിട്ടി 2022 ഫെബ്രുവരി മൂന്നിന് ജയിൽ മോചിതനായി. ഇതിനു പിന്നാലെ കേസിന്‍റെ പിന്നാമ്പുറങ്ങൾ വ്യക്തമാക്കി ശിവശങ്കറിന്‍റെ പുസ്തകം പുറത്തുവന്നു. തന്നെ തളളിപ്പറഞ്ഞെന്ന് ബോധ്യപ്പെട്ട സ്വപ്ന, ശിവശിങ്കറിനെതിരെ പരസ്യമായി രംഗത്തെത്തി.
പേരെടുത്ത ഉദ്യോഗസ്ഥൻ, പിണറായി സർക്കാറിന്റെ മാസ്റ്റർബ്രെയിൻ, പിന്നീട് വിവാദനായകൻ; ശിവശങ്കർ ഇന്ന് വിരമിക്കുന്നു
ഇതോടെ ലൈഫ് മിഷൻ കേസിലും ശിവശങ്കറിനെതിരെ കുരുക്ക് മുറുകി. തന്‍റെ ലോക്കറിലെ ഒരുകോടി രൂപ ലൈഫ് മിഷനിലെ ശിവശങ്കറിന്‍റെ കോഴപ്പണമാണെന്നും എല്ലാത്തിനും ഇടനില നിന്നത് ശിവശങ്കറാണെന്നും സ്വപ്ന സുരേഷ്, ഇഡിക്ക് മുന്നിൽ സമ്മതിച്ചു. ഇതോടെ തെളിവ് ശേഖരണം ശക്തമായി. ചോദ്യം ചെയ്തപ്പോഴെല്ലാം ശിവശങ്കർ ആരോപണങ്ങൾ നിഷേധിച്ചു. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അടക്കം മൊഴി നൽകിയതോടെ കുരുക്ക് മുറുകി.
ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസ്; എം ശിവശങ്കർ അറസ്റ്റിൽ
ഇക്കഴിഞ്ഞ ജനുവരി 31 ന് വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ശിവശങ്കർ അക്കാരണം പറഞ്ഞ് ഒഴിഞ്ഞു മാറി. ഒടുവിൽ ഇക്കഴിഞ്ഞ 11നും 13നും തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ കോഴക്കോസിൽ സിബിഐ അന്വേഷണവും തുടരുന്നതിനാൽ ശിവശങ്കറിന് കേന്ദ്ര ഏജൻസികളുടെ ചോദ്യമുനയിൽ ഇനിയും നിൽക്കേണ്ടിവരും.
