കൊച്ചി: ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു. എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ മടങ്ങി. ഇത് മൂന്നാം വട്ടമാണ് ശിവശങ്കറിനെ ചോദ്യംചെയ്‍തത്.  സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പമാണ് ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്തതെന്നാണ് സൂചന. സ്വപ്ന സുരേഷും മറ്റു കൂട്ടുപ്രതികളും നശിപ്പിച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ എൻഐഎ വീണ്ടെടുത്തിരുന്നു. ഇവയിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചോദ്യംചെയ്യല്‍.

ലാപ്പ് ടോപ്പും മൊബൈൽ ഫോണുകളും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നായി രണ്ടായിരം ജിബിയോളം ഡാറ്റ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു. നിർണായകമായ പല വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡയിൽ വാങ്ങിയത്.