Asianet News MalayalamAsianet News Malayalam

പ്രതിപക്ഷം നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കുമെന്ന് കരുതിയെന്ന് എം സ്വരാജ്, മറുപടിയുമായി വിഡി സതീശൻ

പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ തങ്ങളുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആത്മാര്‍ത്ഥയില്ലായ്മയാണ് വ്യക്തമായതെന്ന് സ്വരാജ് വിമര്‍ശിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഒത്തുതീര്‍പ്പിലെത്തിയെന്ന് വിഡി സതീശൻ ആരോപിച്ചു

M Swaraj and vd satheesan on Governor Arif Muhammed Khan address in Kerala Assembly against CAA
Author
Thiruvananthapuram, First Published Jan 29, 2020, 12:20 PM IST

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗ സമയത്ത് സഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കുമെന്നാണ് കരുതിയതെന്ന് സിപിഎമ്മിന്റെ യുവ എംഎൽഎ എം സ്വരാജ്. പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ തങ്ങളുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആത്മാര്‍ത്ഥയില്ലായ്മയാണ് വ്യക്തമായതെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാൽ പൗരത്വ ഭേദഗതി വിഷയത്തിൽ ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഒത്തുതീര്‍പ്പിലെത്തിയെന്ന് വിഡി സതീശൻ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചര്‍ച്ചയ്ക്കിടെയാണ് രണ്ട് എംഎൽഎമാരുടെയും പ്രതികരണം.

"പ്രതിപക്ഷം പ്രതിപക്ഷത്തിന്റേതായ രീതിയിൽ പ്രതിഷേധിക്കുകയാണ്. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ശരിയായോ തെറ്റായോ എന്ന് ഞാൻ പറയുന്നത് ഉചിതമല്ല," എന്നായിരുന്നു എം സ്വരാജിന്റെ പ്രതികരണം. "കേരളത്തിലിപ്പോൾ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ കോൺഗ്രസിന് ക്ഷീണമുണ്ട്. അവരുടെ ഇടയിൽ തന്നെ ഭിന്നാഭിപ്രായം മറനീക്കി പുറത്തുവന്നു. അവര്‍ക്ക് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം സംഘചടിപ്പിച്ച്, ഞങ്ങള്‍ പ്രതിഷേധിക്കുന്നതിൽ പുറകിലല്ല എന്ന് വരുത്തീത്തീര്‍ക്കേണ്ടതുണ്ട്. ഇന്ന് സഭയിൽ കണ്ടത് ഇതാണ്," അദ്ദേഹം പറഞ്ഞു.

"അത് കഴിഞ്ഞയുടനെ അവര്‍ സഭ വിട്ട് പോയി. ഒരു പത്ത് മിനിറ്റെങ്കിലും ഗവര്‍ണര്‍ പ്രസംഗിക്കുമ്പോൾ അവര്‍ നടുത്തളത്തിൽ മുദ്രാവാക്യങ്ങളുയര്‍ത്തി തുടരുമെന്നാണ് കരുതിയത്. അത് ലോകശ്രദ്ധ നേടുമായിരുന്നു. ഒരു പ്രകടനാത്മകമായ പ്രതിഷേധം, അതാണവര്‍ നടത്തിയിട്ടുള്ളത്. ഈ സമരത്തിൽ ഞങ്ങളുമുണ്ടെന്ന് വരുത്തീര്‍ക്കാനുള്ള ആത്മാര്‍ത്ഥതയില്ലായ്മയാണ് പ്രകടമായത്," പ്രതിപക്ഷ പ്രതിഷേധത്തെ വിലയിരുത്തി സ്വരാജ് പറഞ്ഞു.

"ഞങ്ങളെങ്ങനെയാണ് സമരം നടത്തേണ്ടതെന്ന് സിപിഎം അല്ല പറയേണ്ടത്. പ്രതീകാത്മകമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഗവര്‍ണറോടും ഗവര്‍ണറുടെ നടപടികളോടും ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ഒരുമിച്ചുള്ള സമരം തീരുമാനിക്കേണ്ടത് ഞങ്ങളുടെ പാര്‍ട്ടിയാണ്. അത് ഞങ്ങള്‍ തീരുമാനിച്ചു, യോജിച്ചുള്ള സമരം നടന്നു. അതിന് ശേഷം സിപിഎമ്മും ഇടതുമുന്നണിയും ഏകപക്ഷീയമായി മനുഷ്യ ചങ്ങല നടത്താൻ തീരുമാനിച്ചു. ഒരുമിച്ച് സമരം ചെയ്യണമെന്ന ധാരണയിൽ നിൽക്കുമ്പോഴാണ് ഏകപക്ഷീയമായി ഇടതുന്നണി സമരം പ്രഖ്യാപിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായി സമരം ചെയ്യുകയാണ്. ഇടതുമുന്നണിയുടേയോ സിപിഎമ്മിന്റെയോ രീതിയിൽ സമരം ചെയ്യാൻ ഞങ്ങളില്ല," എന്നും വിഡി സതീശൻ വ്യക്തമാക്കി.

എന്നാൽ മനുഷ്യച്ചങ്ങലയല്ല യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് എം സ്വരാജ് തിരിച്ചടിച്ചു. "എൽഡിഎഫ് മനുഷ്യച്ചങ്ങല പ്രഖ്യാപിക്കുന്നതിന്റെ മുൻപ് തന്നെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോജിച്ചുള്ള സമരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അത് മനുഷ്യച്ചങ്ങല കൊണ്ടല്ല. കോൺഗ്രസ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാലവര്‍ അറച്ചറച്ച് നിൽക്കുന്നു.  ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേരളത്തിന്റെ മാതൃകയിൽ പ്രമേയം പാസാക്കണോ വേണ്ടയോ എന്ന് അറച്ചറച്ച് നിൽക്കുകയാണ്."

"നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ വിയോജിപ്പുള്ള ഭാഗങ്ങൾ മുൻകാലങ്ങളിൽ ഗവര്‍ണര്‍മാര്‍ വിട്ടുകളയാറുണ്ട്. എന്നാൽ ഇത്തവണ ഗവര്‍ണര്‍ അത് വായിക്കാൻ തയ്യാറായി. കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളും പ്രതിഷേധങ്ങളും അദ്ദേഹത്തെ ആ ഭാഗം വായിക്കാൻ നിര‍്‍ബന്ധിതനാക്കി എന്ന് ഞാൻ കരുതുന്നു," എന്നും എം സ്വരാജ് മറുപടിയിൽ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഒത്തുതീര്‍പ്പിലെത്തിയെന്ന് വിഡി സതീശൻ ആരോപിച്ചത്. "മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരായി നിന്നത് ഏതെല്ലാം ബിജെപി നേതാക്കളാണെന്ന് ഇനി വ്യക്തമാകേണ്ടതുണ്ട്. ഇവിടെ ഒത്തുതീര്‍പ്പ് നടന്നു, അതിന് ഇടനിലക്കാരുമുണ്ട്. പൗരത്വ ഭേദഗതിക്കെതിരായ ഞങ്ങളുടെ പ്രതിഷേധം നിലനിൽക്കുമ്പോൾ തന്നെ, നിയമനിര്‍മ്മാണ സഭയുടെ അവകാശങ്ങളെ ചോദ്യം ചെയ്യാൻ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടിലും ഞങ്ങൾ ഉറച്ചുനില്‍ക്കുന്നു," എന്നും വിഡി സതീശൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios