പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്‍റ് ചെയ്തതെന്നും അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സര്‍പെന്‍റ് ചെയ്ത ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്‍റ് ചെയ്തതെന്നും അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ മുന്നില്‍ വരുന്ന എല്ലാ കേസിലും കൃത്യമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ആലപ്പുഴയിലെ കൂട്ടരാജി പരിശോധിക്കുമെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അറിയിച്ചു. തെറ്റായ ഒരു പ്രവണതക്കും പാർട്ടി കൂട്ട് നിൽക്കില്ല. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. 

Also Read: 'ഷാനവാസിന് സജി ചെറിയാന്‍ ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല'; പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ആര്‍ നാസര്‍

ലഹരി കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎം, ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെന്‍ഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങളാണ്. വാഹനം വാങ്ങിയപ്പോഴും വാടകക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ലെന്നതും ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി എന്നതും.

YouTube video player

വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ, ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.