പൊലീസ് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് വസ്തുത അറിയാതെയാണെന്നും എം വി ജയരാജന്‍

കണ്ണൂര്‍: എടക്കാട് സംഘര്‍ഷത്തെ ന്യായീകരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ (M V Jayarajan). സിപിഎം പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ല. പ്രശ്നം ഉണ്ടാക്കിയത് മൊബൈല്‍ സമരക്കാരായ കോണ്‍ഗ്രസുകാരാണ്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോണ്‍ഗ്രസുകാര്‍ കൊലവിളി നടത്തി. തടയാന്‍ പരിശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടി വന്നു. പൊലീസ് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് വസ്തുത അറിയാതെയാണ്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് കണ്ണൂര്‍ എടക്കാട് നടാല്‍ ഭാഗത്ത് സംഘര്‍ഷമുണ്ടായത്. എടക്കാട് നടാൽ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ഉദ്യോഗസ്ഥർ കല്ലിടുമ്പോള്‍ കോൺഗ്രസ് പ്രതിഷേധവുമായി എത്തി. കല്ലു പറിക്കാൻ തുടങ്ങുമ്പോഴേക്കും സിപിഎം പ്രവര്‍ത്തകര്‍ എത്തി. പ്രതിഷേധക്കാരുമായി സംഘര്‍ഷമുണ്ടായി. പൊലീസെത്തി തല്ലിയ രണ്ട് സിപിഎമ്മുകാരെയും പ്രതിഷേധത്തിന് എത്തിയ കോൺഗ്രസുകാരെയും കസ്റ്റ‍ഡിയിലെടുത്തു. തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ്യുസിഐ പ്രവർത്തകര്‍ വീട്ടുകാരുടെ അനുമതി ഇല്ലാതെ നാട്ടിയ കല്ലുകൾ പിഴുതുമാറ്റുകയായിരുന്നു.