കണ്ണൂര്‍:  കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.  ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പദയാത്ര സംഘടിപ്പിക്കുമോ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. 

കെട്ടിടം പണിയുടെ കരാറുകാരനായിരുന്ന ചെറുപുഴ സ്വദേശി ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് എം വി ജയരാജന്‍ ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് ജോയി ആത്മഹത്യെ ചെയ്തത്. സാമ്പത്തികബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ്  പ്രാഥമിക നിഗമനം. 

കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോയിയെ  കണ്ടെത്തിയത്.  പണം ലഭിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചില ചർച്ചകൾ നടന്നിരുന്നു. ഇതിനു ശേഷം ജോയിയെ കാണാതാവുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പും ഇവിടെ നിന്ന്  പൊലീസ്  കണ്ടെത്തിയിരുന്നു. 


.