ഗോവയിലും ഹരിയാനയിലും കോൺഗ്രസിന്‍റെ നേതാക്കൾ ഒറ്റയ്ക്കും കൂട്ടമായും ബിജെപിയിലേക്ക് പോകുന്നതിനിടെ ആണ് സതീശൻ വിചാര കേന്ദ്രത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത വാർത്ത ചർച്ച ആവുന്നതെന്ന് എം എ ബേബി പറഞ്ഞു

ദില്ലി : വി ഡി സതീശൻ (vd satheesan) ഭാരതീയ ചിന്ത്ര കേന്ദ്രത്തിൽ പോയത് പഠിക്കാൻ ആണോ പഠിപ്പിക്കാൻ ആണോയെന്ന് മുതിർന്ന സി പി എം നേതാവ് എം എ ബേബി(ma baby). വേണ്ടി വന്നാൽ ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ കെ സുധാകരനിൽ നിന്ന് സതീശൻ വ്യത്യസ്തനല്ലെന്നും എം എ ബേബി പറഞ്ഞു.

ഗോവയിലും ഹരിയാനയിലും കോൺഗ്രസിന്‍റെ നേതാക്കൾ ഒറ്റയ്ക്കും കൂട്ടമായും ബിജെപി യിലേക്ക് പോകുന്നതിനിടെ ആണ് സതീശൻ വിചാര കേന്ദ്രത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത വാർത്ത ചർച്ച ആവുന്നത്. വിചാരധാരയും കോൺഗ്രസ് നേതാക്കൾ പറയുന്നതും തമ്മിൽ അന്തരം ഇല്ലാതെ ആയി. കേരളത്തിൽ കോൺഗ്രസ് ബിജെപിയിൽ ചേരാത്തത് അവിടെ ഇടതുപക്ഷം ശക്തമായതുകൊണ്ടാണെന്നും
എം എ ബേബി പറഞ്ഞു

പുസ്തക പ്രകാശനം ആർഎസ്എസ് പരിപാടിയായിരുന്നില്ല,തനിക്കതിരേയുള്ള വിമർശനം വി എസിനും ബാധകം-വിശദീകരണവുമായി സതീശൻ

തിരുവനന്തപുരം : ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭാരതീയ വിചാര കേന്ദ്രം ഡയറക്ർ ആയിരുന്ന പി പരമേശ്വരന്‍റെ പുസ്തക പ്രകാശന ചടങ്ങ് ആർ എസ് എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദൻ ആയിരുന്നു. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം വി എസിനും ബാധകമാണെന്ന് വി ഡി സതീശൻ പറഞ്ഞു. 

ഒരു വർഗീയവാദിയുടേയും വോട്ട് ചോദിച്ച് പോയിട്ടില്ല. പോകുകയുമില്ല. ഒരു ആർ എസ് എസുകാരന്‍റേയും സംഘപരിവാറുകാരന്‍റേയും വർഗീയ വാദിയുടേയും വോട്ട് തനിക്ക് വേണ്ട. അത് ചോദിച്ച് താൻ പോയിട്ടില്ല. പോകുകയുമില്ല.

പി.പരമേശ്വരനെ ആർ എസ് എസ് എന്നതിനുമപ്പുറം ആണ് കേരള സമൂഹം കാണുന്നത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ ഋഷി തുല്യമായ ജീവിതം നയിച്ച ആൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലും വിശേഷിപ്പിച്ചത്. 

സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. കേസ് കൊടുക്കട്ടെ. അതിനെ നിയമപരമായി തന്നെ നേരിടും. അതിലൊന്നും ഒരു പേടിയുമില്ല. ഒരു ആർ എസ് എസുകാരനും സംഘപരിവാറുകാരനും വർഗീയവാദിയും പേടിപ്പിക്കാൻ വരേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. 

തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാർ ആണെന്നും വി ഡി സതീശൻ പറഞ്ഞു. തന്നെ തോൽപിക്കാൻ പറവൂരിൽ ഹിന്ദു മഹാ സമ്മേളനം നടത്തിയത് ആർ എസ് എസാണ്. തന്‍റെ വീട്ടിലേക്ക് സ്ഥിരം മാർച്ച് നടത്തുന്നവരാണ് ആർ എസ് എസുകാർ. തന്നെ രാഷ്ട്രീയ വനവാസത്തിന് വിടുമെന്ന് പറഞ്ഞവരാണ്. അവരുമായി താൻ ചങ്ങാത്തത്തിലാണെന്നൊക്കെ പറയുന്നത് ആരേലും വിശ്വസിക്കുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

ആർ വി ബാബുവിനെതിരെയും വി ഡി സതീശൻ പ്രതികരിച്ചു. ബാബു എന്ന് പറവൂരിൽ വന്നു എന്നത് അന്വേഷിക്കണമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.