Asianet News MalayalamAsianet News Malayalam

ഇ- പോസ് തകരാർ; ഓണക്കിറ്റ് വിതരണം ആദ്യദിനം തന്നെ മുടങ്ങി

ഇന്ന് രാവിലെ മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പലയിടത്തും മെഷീന്‍ പണിമുടക്കിയ അവസ്ഥയാണ്.  
 

machine failure  supply of onakit stopped on the first day itself
Author
Thiruvananthapuram, First Published Aug 23, 2022, 4:42 PM IST

തിരുവനന്തപുരം: ഇ പോസ് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആദ്യ ദിനം തന്നെ മുടങ്ങി. സംസ്ഥാനത്തെ മിക്ക റേഷൻ കടകളിലും ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമാണ്. 

കുറേനാളുകളായി ഇ പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ന് രാവിലെ മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പലയിടത്തും മെഷീന്‍ പണിമുടക്കിയ അവസ്ഥയാണ്. ഇ പോസ് തകരാർ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി പ്രതികരിച്ചു. ഓണക്കിറ്റ് വിതരണം തടസപ്പെടില്ല. അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. 

എല്ലാ കാര്‍ഡ് ഉടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ ഭക്ഷ്യക്കിറ്റ് കൈപ്പറ്റണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇന്നും നാളെയും മഞ്ഞക്കാര്‍ഡുകാർക്കാണ് സൗജന്യ കിറ്റ് ലഭിക്കുകയെന്നാണ് അറിയിച്ചിരുന്നത്. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്. 25, 26, 27 തീയതികളിൽ പിങ്ക് കാര്‍ഡുകൾക്കും 29,30,31 തീയതികളിൽ നീല കാര്‍ഡുകൾക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാര്‍ഡുകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താൽ ഈ തീയതികളിൽ വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ ഭക്ഷ്യക്കിറ്റ് കൈപ്പറ്റാൻ അവസരമുണ്ട്. 

Read Also: കുട്ടനെല്ലൂർ കോളജിൽ കെ എസ് യു - എസ്എഫ്ഐ സംഘര്‍ഷം; എട്ട് വിദ്യാർഥികൾക്ക് പരിക്ക്

സർക്കാർ അംഗീകൃത ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഭക്ഷ്യകിറ്റുകൾ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വാതിൽപടി വിതരണ രീതിയിൽ നേരിട്ടെത്തിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ച് നവകേരളം പടുത്തുയർത്താനാണ് കേരളം ശ്രമിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറ‌ഞ്ഞു.  വിലക്കയറ്റം പിടിച്ചു നിർത്താൻ രണ്ട് വർഷംകൊണ്ട് 9,746 കോടി രൂപ സർക്കാർ ചെലവിട്ടു. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കോർപ്പറേറ്റുകൾ അല്ലാത്ത ബദൽ ഇവിടെയുണ്ടെന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Read Also: കുടുംബകേസ്, ഭക്ഷ്യമന്ത്രിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട് ഇന്‍സ്പെക്ടര്‍; ഓഡിയോ പുറത്ത്, പിന്നാലെ നടപടി

Follow Us:
Download App:
  • android
  • ios