Asianet News MalayalamAsianet News Malayalam

മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ,പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ

പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും

Madhu murder case: Fast-track trial to begin from today
Author
Palakkad, First Published Aug 10, 2022, 5:52 AM IST

പാലക്കാട് :അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും.

വിചാരണ വേഗത്തിലാക്കാൻ വേണ്ടി ഇന്നുമുതൽ ദിവസേനെ അഞ്ചുപേരെ വിസ്തരിക്കും.കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിൻ ഡ്രൈവർമാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ് , ഇരുപത്തി ആറാം സാക്ഷി ജയകുമാർ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കും.ഇരുപത്തി ഏഴാം സാക്ഷി സെയ്ദതലവി, ഇരുപത്തി എട്ടാം സാക്ഷി മണികണ്ഠൻ, ഇരുപത്തി ഒമ്പതാം സാക്ഷി സുനിൽ കുമാർ, മുപ്പതാം സാക്ഷി താജുദ്ദീൻ, മുപ്പത്തി ഒന്നാം സാക്ഷി ദീപു എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍ർജിയും വിചാരണക്കോടതിയുടെ മുമ്പിലുണ്ട്. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു.സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

മധുകൊലക്കേസ്: സാക്ഷികളുടെ കൂറുമാറ്റം തടയാൻ സർക്കാരിനാകുന്നില്ല,കേരളത്തിന് അപമാനകരം-വിഎം സുധീരൻ

അട്ടപ്പാടി മധു കൊലക്കേസിൽ (attappadi madhu murder case)സാക്ഷികളുടെ കൂറുമാറ്റത്തിനു മുന്നില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ(vm sudheeran). സ‍ർക്കാരിന്റെ ഈ നിലപാട് കേരളത്തിന് അപമാനകരം ആണ്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത് അയച്ചു

വി എം സുധീരന്റെ കത്തിന്റെ പൂർണ രൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
 ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കിയും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമാക്കിയും അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. 
 നേരത്തേനല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായി കൂറുമാറിയ സാക്ഷികള്‍ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണുള്ളതെന്നത് വളരെ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച് ചില മാധ്യമറിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
 ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം ഇതിനെല്ലാം മൂകസാക്ഷിയായി നിഷ്‌ക്രിയമായ നിലയില്‍ കേവലം കാഴ്ചക്കാരായി മാറുന്ന സാഹചര്യം ജനാധിപത്യ കേരളത്തിന് തീര്‍ത്തും അപമാനകരമാണ്. 
 ഇനിയെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് അടിയന്തിരമായി ഇടപെടാനും ഈ കൂട്ട കൂറുമാറ്റത്തെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്താനും കൂറുമാറ്റം നടത്തിയവര്‍ക്കും അതിന് വഴിയൊരുക്കുന്നനിലയില്‍ അവിഹിത സ്വാധീനവും കടുത്ത സമ്മര്‍ദ്ദവും ചെലുത്തിയവര്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനും തയ്യാറായേ മതിയാകൂ.
 അതിനൊപ്പംതന്നെ പ്രസ്തുത കേസ്സ് പഴുതുകളടച്ചുകൊണ്ട് ഫലപ്രദമായി നടത്താനും കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയുന്ന രീതിയില്‍ ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. 
 ഈ കേസ്സില്‍ നിയമവ്യവസ്ഥയുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതിന്റെ അതീവ ഗൗരവസ്വഭാവം കണക്കിലെടുത്തുകൊണ്ട് നിയമവിദഗ്ദ്ധരും മറ്റു ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇനിയും കാലതാമസമുണ്ടായാല്‍ അത് മാപ്പര്‍ഹിക്കാത്ത ഗുരുതര വീഴ്ചയായിട്ടാണ് ഏവരും നോക്കിക്കാണുക. അങ്ങനെ ഒരവസ്ഥയ്ക്കിടം നല്‍കാതെ ഈ കേസ്സില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യേണ്ട സര്‍വ്വനടപടികളും ഉടനടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
 ഇതെല്ലാം സംബന്ധിച്ച് 22.07.2022-ല്‍ ബഹു.മുഖ്യമന്ത്രിക്കെഴുതിയ കത്തിന് യാതൊരു പ്രതികരണവും കാണാത്തതില്‍ അതിയായി ദുഃഖിക്കുന്നു; ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
 സ്‌നേഹപൂര്‍വ്വം
         വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
   ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് : 
 ശ്രീ.കെ.രാധാകൃഷ്ണന്‍, ബഹു.പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക ക്ഷേമ-ദേവസ്വംവകുപ്പു മന്ത്രി
 ശ്രീ.കെ.രാജന്‍, ബഹു.റവന്യൂവകുപ്പുമന്ത്രി
 ചീഫ് സെക്രട്ടറി

Follow Us:
Download App:
  • android
  • ios