ദില്ലി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം. ഡിഎംകെ നേതാവ് കനിമൊഴി പാര്‍ലമെന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിംഎംകെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഫാത്തിമയുടെ കുടുംബം മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെയടക്കം സന്ദര്‍ശിക്കുകയും ചെയ്തു. 

ഫാത്തിമയുടെ മരണത്തില്‍ സുദര്‍ശന്‍ പത്മനാഭനെ ഇന്ന് ചോദ്യം ചെയ്തേക്കും

വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും ക്യാമ്പസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അതിന്‍റെ ഭാഗമാണോ ഫാത്തിമയുടെ മരണമെന്ന് അന്വേഷിക്കണമെന്നുമുള്ള ആവശ്യം സ്റ്റാലിന്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ട്. അതിനിടെ മദ്രാസ് ഐഐടിയിലെ സുദർശൻ പത്മനാഭൻ ഉൾപ്പടെ മൂന്ന് അധ്യാപർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ആരോപണവിയേരായ സുദർശൻ പത്മനൻ, ഹേമചന്ദ്രൻ , മിലിന്ദ് എന്നീ അധ്യാപകർക്കാണ് സമൻസ് അയച്ചത്. 

...ഫാത്തിമയുടെ മരണം: അന്വേഷണ സമിതി രൂപീകരിക്കുന്നത് പരിഗണിക്കാമെന്ന് മദ്രാസ് ഐഐടി...

അതേസമയം ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണ സമിതി രൂപീകരിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കാമെന്ന് മദാസ് ഐഐടി വ്യക്തമാക്കി. വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ഫാത്തിമയുടെ മരണത്തെക്കുറിച്ച് പരിശോധിക്കുന്നത് ആലോചിക്കും. വിദ്യാർത്ഥികൾ ഡയറക്ടർക്ക് നൽകിയ കത്തിനാണ് അധികൃതരുടെ മറുപടി.