Asianet News MalayalamAsianet News Malayalam

ജൂൺ 6 ലെ സിസിടിവി ദൃശ്യങ്ങൾ വേണം, മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് ക്രൈംബ്രാഞ്ച് നോട്ടീസ് 

ആർഷോയ്ക്കെതിരെ കെഎസ്‍യു പ്രവർത്തകർ ആരോപണം ഉന്നയിച്ച ഈ മാസം ആറിലെ സിസിടിവി ദൃശ്യങ്ങൾ വേണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച്  പ്രിൻസിപ്പലിന് നോട്ടീസ് നൽകി.

maharajas college cctv video on june 6 th on pm arsho case apn
Author
First Published Jun 13, 2023, 6:35 PM IST

കൊച്ചി : എസ് എഫ് ഐ  സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി കേസെടുത്തതിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മഹാരാജാസ് കോളജിലെ സിസിടിവി ദൃശ്യങ്ങൾ തേടി അന്വേഷണസംഘം. ആർഷോയ്ക്കെതിരെ കെഎസ്‍യു പ്രവർത്തകർ ആരോപണം ഉന്നയിച്ച ഈ മാസം ആറിലെ സിസിടിവി ദൃശ്യങ്ങൾ വേണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച്  പ്രിൻസിപ്പലിന് നോട്ടീസ് നൽകി.

ആരോപണമുയർന്ന ദിവസം പ്രിൻസിപ്പലിന്‍റെ റൂമിൽ കെഎസ്‍യു പ്രവർത്തകർ എത്തിയതും കാമ്പസിൽ മാധ്യമങ്ങൾ വന്നതും അടക്കമുളള ദൃശ്യങ്ങൾ പരിശോധിക്കുന്നതിനാണിത്. ആർഷോയ്ക്കെതിരായ കെ എസ് യു  ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നും സാങ്കേതികപ്പിഴവെന്നുമാണ് പ്രിൻസിപ്പൽ മൊഴി നൽകിയത്.  

അതേ സമയം, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. കേരള ടെലിവിഷൻ ഫെഡറേഷനും എഡിറ്റേ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും നടപടിയെ അപലപിച്ചു. കേസ് എടുത്ത നടപടി അതീവ ആശങ്കാജനകമാണ്. കേരള സർക്കാർ അടിന്തരമായി കേസ് പിന്‍വലിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. 

വിദ്യയുടെ വ്യാജരേഖ കേസ്: മഹാരാജാസിൽ നീലേശ്വരം പൊലീസെത്തി, കോളേജ് സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു

പുരോഗമന വാദം പറയുന്ന സര്‍ക്കാരിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത നടപടിയാണിതെന്ന് കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതികരിച്ചു. വാര്‍ത്ത തത്സമയം റിപ്പോര്‍ട്ട് ചെയ്തതിനാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര് അഖില നന്ദകുമാറിനെതിരെ കേസെടുത്തത്. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലേക്കുള്ള കടന്ന് കയറ്റം പോലെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണവും മാധ്യമ സ്ഥാപനങ്ങൾക്കെതിരായ ആക്രമണവും കൂടി വരികയാണ്. തൊഴിൽ മേഖലയെ സംരക്ഷിക്കാൻ ശക്തമായ നടപടികളുണ്ടാകണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കേരള ടെലിവിഷൻ ഫെഡറേഷൻ  അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

 

Follow Us:
Download App:
  • android
  • ios