കൊച്ചി: സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം - അങ്കമാലി അതിരൂപതയുടെ പൂർണ ഭരണച്ചുമതല നൽകി വത്തിക്കാന്‍റെ പുതിയ ഉത്തരവ്. ഭൂമി വിവാദത്തെത്തുടർന്ന് ചുമതലയേറ്റെടുത്ത ബിഷപ് മാർ ജേക്കബ് മനന്തോടത്തിനോട് പാലക്കാട് രൂപതയിലേക്ക് തിരികെ പോകാനും ഉത്തരവില്‍ നിർദ്ദേശമുണ്ട്. എന്നാല്‍ കർദിനാളിനെ വീണ്ടും നിയമിച്ചതിനെതിരെ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും വിമത വൈദികരും കടുത്ത പ്രതിഷേധത്തിലാണ്.

ഭൂമി വിവാദത്തിലും വ്യാജ രേഖാക്കേസിലും പെട്ട് നട്ടം തിരിയുന്ന സിറോ മലബാർ സഭയിൽ തികച്ചും അപ്രതീക്ഷിതമായാണ് വത്തിക്കാന്‍റെ ഇടപെടൽ. ഭൂമി വിവാദത്തെത്തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലകളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കർദിനാൾ മാർ ജോർജ് ആല‌ഞ്ചേരിക്ക് പഴയ ചുമതലകൾ അതേപടി തിരിച്ചുനൽകാനാണ് ഉത്തരവ്. 

പകരക്കാരനായെത്തിയ അപ്പൊസ്തോലിക് അഡ്മിനിട്രേറ്റർ ബിഷപ് മാർ ജേക്കബ് മനന്തോടത്ത് ഇനി എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളിൽ ഇടപെടേണ്ടെന്നാണ് നിര്‍ദ്ദേശം. ഭൂമി വിവാദത്തിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഭരണച്ചുമതല വഹിക്കാനായിരുന്നു മാർ ജേക്കബ് മനന്തോടത്തോട് ആവശ്യപ്പെട്ടിരുന്നത്. ഈ അന്വേഷണ റിപ്പോർട്ടുകൂടി സമർപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിർദേശം. 

വത്തിക്കാനിലെ ഓറിയന്‍റൽ കോൺഗ്രിഗേഷന്‍റെ ഉത്തരവ് കൈപ്പറ്റിയ കർദിനാൾ മാ‍‍ർ ജോർജ് ആലഞ്ചേരി താൻ ചുമതല ഏറ്റെടുക്കുകയാണെന്ന് രാവിലെ വൈദികരെ അറിയിച്ചു. സഹായമെത്രാൻമാരായ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്ക് പുതിയ ചുമതല നൽകിയിട്ടില്ല. ഇക്കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. 

എന്തായാലും ഭൂമി വിവാദത്തിന്‍റെ പേരിൽ കർദിനാളിനെതിരെ രംഗത്തെത്തിയ എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിനേറ്റ കടുത്ത തിരിച്ചടിയാണ് വത്തിക്കാന്‍റ തീരുമാനം. എന്നാൽ ഉത്തരവിനെതിരെ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അടക്കമുളളവർ കടുത്ത പ്രതിഷേധത്തിലാണ്. ഭൂമി വിവാദത്തിൽ കർദിനാളിനെതിരെ നടപടിയെടുക്കുന്നതുവരെ ബിഷപ് ഹൗസിലേക്കില്ലെന്ന് മാർ സെബാസറ്റ്യൻ എ‍ടയന്ത്രത്ത് സഹവൈദികരെ അറിയിച്ചതായാണ് സൂചന.