ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ സ്ഥാനാർഥി സമവാക്യങ്ങൾ മാറ്റിമറിക്കുന്നു. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമെന്ന നിർദ്ദേശത്തോടെ, കായംകുളത്ത് യു പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ നാസറിനെ മത്സരിപ്പിക്കാനുള്ള നീക്കം പ്രതിസന്ധിയിലായി
ആലപ്പുഴ ജില്ലയിലെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സിറ്റിംഗ് എംഎൽഎമാരെ തന്നെ നിലനിർത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തോടെ ജില്ലാ കമ്മിറ്റിയുടെ സമവാക്യങ്ങൾ മാറുന്നു. സിറ്റിംഗ് എം എൽ എമാർ വീണ്ടും ജനവിധി തേടണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശമാണ് ജില്ലാ കമ്മിറ്റിയുടെ സമവാക്യത്തെ തെറ്റിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം കായംകുളം മണ്ഡലമാണ്. കായംകുളത്ത് സിറ്റിംഗ് എം എൽ എ യു പ്രതിഭക്ക് പകരം ജില്ലാ സെക്രട്ടറി ആർ നാസറിനെ രംഗത്തിറക്കാനാണ് ജില്ലാ കമ്മിറ്റി ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിൽ, സിറ്റിംഗ് എം എൽ എമാർ വീണ്ടും ജനവിധി തേടണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം അവതരിപ്പിച്ചതോടെ നാസറിന്‍റെ സ്ഥാനാർഥിത്വം പ്രതിസന്ധിയിലായിട്ടുണ്ട്. ഇതോടെ കായംകുളത്ത് വീണ്ടും പ്രതിഭ തന്നെ ജനവിധി തേടുമെന്നാണ് സൂചന. മണ്ഡലത്തിൽ മാറ്റം വേണമെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റിനുള്ളത്. ഇതോടെ സിറ്റിംഗ് സീറ്റുകളിൽ പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിൽ കൂടുതൽ ചർച്ചകൾ ഉണ്ടായേക്കാം.

തൃപ്പൂണിത്തുറയിൽ സ്വരാജില്ല
നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സി പി എം തീരുമാനമെന്നാണ് വിവരങ്ങൾ. കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷൈനി. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകും. എറണാകുളത്തും തൃക്കാക്കരയിലും സി പി എം പൊതു സ്വതന്ത്രനെ പരീക്ഷിക്കാനാണ് ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായി എം സ്വരാജ് വേണമെന്നാണ് സിപിഎം എറണാകുളം ജില്ലാ ഘടകം ആവശ്യപ്പെട്ടത്. സ്വരാജ് മത്സരിച്ചാൽ ജയസാധ്യത എന്ന വിലയിരുത്തലിലാണ് സെക്രട്ടറിയേറ്റ് ഈ ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ചത്. എം സ്വരാജിന്‍റെ പേര് മാത്രമാണ് സെക്രട്ടേറിയേറ്റിന്‍റെ ചർച്ചയിൽ വന്നത്. വടക്കൻ പറവൂർ ഏറ്റെടുക്കണമെന്നും വി ഡി സതീശനെതിരെ ശക്തമായ മത്സരം നടത്തണമെന്നും സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നിരുന്നു. എറണാകുളത്തെ അഞ്ച് സിറ്റിംഗ് എംഎൽഎമാർ തുടരണമെന്ന ചർച്ചയും ജില്ലാ സെക്രട്ടറിയേറ്റിലുണ്ടായി. എന്നാൽ യുഡിഎഫിന് വലിയ മേൽക്കൈ ഉള്ള എറണാകുളം ആലുവ തൃക്കാക്കര സീറ്റുകളിൽ ജില്ലാ നേതൃത്വം സ്ഥാനാർത്ഥികളെ ആരെയും മുന്നോട്ട് വച്ചിരുന്നില്ല.


