മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം 

പാലക്കാട്: മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 31)ന് രാവിലെ ഒമ്പതിന് സ്പിൽവേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 30) ആറ് മണിക്കുള്ള ജലനിരപ്പ് 113.93 മീറ്ററാണ്. ഇത് റൂൾ കർവ്വ് ലൈനിനേക്കാൾ രണ്ട് സെ.മീ. കൂടുതലാണ്. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അഞ്ച് ജില്ലകളില്‍ തീവ്രമഴക്ക് സാധ്യത, ചിലയിടത്ത് അതിതീവ്ര മഴയും പെയ്തേക്കും

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് കനത്ത മഴ മൂലം ദീര്‍ഘദൂര തീവണ്ടികൾ മണിക്കൂറുകൾ വൈകി. പുലര്‍ച്ചെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്സ്പ്രസ് നിലവിൽ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 2.10-ന് തിരുവനന്തപുരത്ത് എത്തേണ്ട ഈ ജനശതാബ്ദി വൈകിട്ട് 3.30-ന് ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നതേയുള്ളൂ. ഇതോടെ തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദിയും മണിക്കൂറുകൾ വൈകാനാണ് സാധ്യത. എറണാകുളം ജംഗ്ഷനിലേക്ക് എത്തേണ്ട മംഗള - നിസ്സാമുദ്ദീൻ എറണാകുളം നോര്‍ത്ത് സ്റ്റേഷനിൽ സര്‍വ്വീസ് അവസാനിപ്പിക്കും.