Asianet News MalayalamAsianet News Malayalam

മലപ്പുറം ജില്ലയ്ക്ക് അപൂര്‍വ്വ നേട്ടം: റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളും ആധാര്‍ സീഡിംഗ് നടത്തിയ ആദ്യ ജില്ല

മുഴുവൻ റേഷൻ കാർഡ് അംഗങ്ങളെയും ആധാർ സീഡിംഗ് നടത്താൻ കഴിഞ്ഞതോടെ റേഷൻ കാർഡ് ഡാറ്റാ ബെയ്‌സ് ഏറ്റവും കൃത്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മാറി മലപ്പുറം.

Malappuram Completed Aadhar seeding for all ration card members
Author
First Published Aug 27, 2022, 8:56 PM IST

മലപ്പുറം: മുഴുവൻ അംഗങ്ങളും റേഷൻകാര്‍ഡ് ആധാറുമായി ബന്ധപ്പിച്ച മലപ്പുറം ജില്ലയ്ക്ക് അപൂർവ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാണ് മലപ്പുറം. 10,20,217 കാർഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും  റേഷൻ കാർഡ് അംഗങ്ങളും ഉള്ളത് മലപ്പുറം ജില്ലയിലാണ്. മുഴുവൻ റേഷൻ കാർഡ് അംഗങ്ങളെയും ആധാർ സീഡിംഗ് നടത്താൻ കഴിഞ്ഞതോടെ റേഷൻ കാർഡ് ഡാറ്റാ ബെയ്‌സ് ഏറ്റവും കൃത്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മാറി മലപ്പുറം.

ദിവസങ്ങൾ മുൻപാണ് സംസ്ഥാനത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ല എന്ന പദവി മലപ്പുറം നേടിയെടുത്തത്. ബാങ്കിംഗ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആരംഭിച്ച 'ഡിജിറ്റൽ മലപ്പുറം' പരിപാടിയിലൂടെയാണ് ഈ ലക്ഷ്യം ജില്ല നേടിയെടുത്തത്. ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഡിജിറ്റൽ മലപ്പുറം പദ്ധതിയുടെ ആരംഭം. 

വ്യക്തിഗത ഇടപാടുകാർക്കിടയിൽ ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, യു പി ഐ, ആധാർ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരംഭകർക്കും വ്യവസായികൾക്കുമിടയിൽ നെറ്റ് ബാങ്കിംഗ്, ക്യുആർ കോഡ്, പി ഒ എസ് മെഷീൻ തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിച്ച് ബാങ്കിംഗ് ഇടപാടുകൾ നൂറ് ശതമാനം ഡിജിറ്റലൈസ് ചെയ്യുന്നതിനായുള്ള യജ്ഞമാണ് ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ നേതൃത്വത്തിൽ പരിസമാപ്തിയിലെത്തിയത്. 

ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ ലീഡ് ബാങ്ക് മാനേജർ കൺവീനറുമായുള്ള ജില്ലാതല ബാങ്കേഴ്സ് വികസന സമിതിയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് എ ടി എം, മൊബൈൽ ബാങ്കിംഗ്, ഇൻറർനെറ്റ് ബാങ്കിംഗ്, ക്യു ആർ കോഡ് തുടങ്ങിയ സേവനങ്ങൾ ഡിജിറ്റൽ ബാങ്കിംഗിലൂടെ ഉറപ്പാക്കുന്നു.

 

 

Follow Us:
Download App:
  • android
  • ios