അധ്യക്ഷനായ എംഎൽഎയുടെ പരാതി, വൈകിയില്ല, അതേവേദിയിൽ തീർപ്പാക്കി മന്ത്രി; ആശ്വാസമേകുന്ന രണ്ട് പ്രഖ്യാപനങ്ങൾ
വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻ ഒ സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറം: താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിങ് പെർമിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണ് പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്. വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻ ഒ സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ അധ്യക്ഷനായിരുന്ന ടി വി ഇബ്രാഹിം എംഎൽഎ ആണ് ഇക്കാര്യം അധ്യക്ഷ പ്രസംഗത്തിൽ ഉന്നയിച്ചത്. എം എൽ എ ഉന്നയിച്ച വിഷയത്തിന്, തൊടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരം കാണുകയായിരുന്നു. ആക്സസ് പെർമിറ്റിന്റെ മറവിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുവെന്നും പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാതല തദ്ദേശ അദാലത്ത് മലപ്പുറം മേല്‍മുറിയിലെ മഅദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമെങ്ങും പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.
തദ്ദേശ അദാലത്തുകൾ വഴി നിരവധി പൊതുവായ പ്രശ്നങ്ങളിലാണ് ഇതിനകം തീരുമാനം ഉണ്ടാക്കാനായത്. ചട്ടങ്ങളിലെ അവ്യക്തതകളിൽ വ്യക്തത വരുത്തുകയും കാലഹരണപ്പെട്ടവ കാലാനുസൃതമാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 106 ചട്ടങ്ങളിൽ 351 ഭേദഗതികൾ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വസ്തു നികുതി കുടിശ്ശികയ്ക്കും വാടക കുടിശ്ശികയ്ക്കും കൂട്ടുപലിശക്ക് പകരം ക്രമപലിശ മാത്രം ഈടാക്കുക, പഞ്ചായത്തുകളിൽ നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ സ്വദേശത്തുള്ളവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിന് അനുമതി, ലൈഫ് ഉൾപ്പെടെ സർക്കാർ പദ്ധതികളിൽ വീട് ലഭിച്ചവർക്ക് 7 വർഷത്തിന് ശേഷം വിൽക്കാൻ അനുമതി തുടങ്ങിയ തീരുമാനങ്ങൾ ഇതിനകം അദാലത്തിൻ്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. മുൻകൂട്ടി ഓൺലൈനായി ലഭിച്ച പരാതികൾ അദാലത്തിൽ വെച്ച് തീർപ്പാക്കും. ഇന്ന് പുതുതായി നേരിട്ട് അദാലത്തിൽ ലഭിക്കുന്ന പരാതികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, എല്‍ എസ് ജി ഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ കളക്ടര്‍ വി.ആർ വിനോദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ സന്ദീപ് കെ ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, ജില്ലാ ജോയിൻ്റ് ഡയറക്ടർ അരുൺ രംഗൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കലാം മാസ്റ്റർ, വാർഡ് കൗൺസിലർ സുഹ്റ അയമോൻ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം