12:17 PM (IST) Dec 30

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡ്, കൊച്ചിയിൽ ആദ്യ അറസ്റ്റ്

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഡിനെ പിന്നാലെ ഇന്നലെ രാവിലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 

12:16 PM (IST) Dec 30

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം: ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി

മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. പ്രാഥമിക അന്വേഷണത്തിൽ യുവാവിന്റെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. മോക് ഡ്രില്ലിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരും. സുഖകരമായ സ്ഥലത്തല്ല മോക് ഡ്രിൽ നടത്തുക. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. വിശദ റിപ്പോർട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി കെ രാജൻ വിശദീകരിച്ചു.

10:14 AM (IST) Dec 30

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നതെന്ന് പുറത്തുവരുന്ന വിവരം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പന്തിനെ ദില്ലിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

10:13 AM (IST) Dec 30

കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്ക്

കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്ക്. കോഴിക്കോട് പൂഴിത്തോട് സ്വദേശി റിജു ആൻറണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങുകയറ്റ തൊഴിലാളിയാണ്. രാവിലെ 7 മണിയോടെയാണ് സംഭവം

07:14 AM (IST) Dec 30

യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയിൽ

യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയിൽ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിലെ കെപിസിസി
പ്രസിഡന്‍റിന്‍റെ പ്രതികരണത്തിൽ ലീഗ് അതൃപ്തി അറിയിക്കും.എ കെ ആന്‍റണിയുടെ മൃദു ഹിന്ദുത്വ പരാമർശവും ചർച്ചയാകും.

07:13 AM (IST) Dec 30

നിർണായക സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്, ഇപി ജയരാജനെതിരായ ആരോപണം ചർച്ചക്ക്

സിപിഎമ്മിന്‍റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം ചർച്ച ചെയ്യും.യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കും.

07:13 AM (IST) Dec 30

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു

07:13 AM (IST) Dec 30

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.