06:06 PM (IST) Nov 11

'പലസ്തീനികളെ ചില‍ർ ഭീകരവാദികളാക്കുന്നു, ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമം': മുഖ്യമന്ത്രി

പലസ്തീനില്‍ നടക്കുന്നത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും ഒരു ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീനികളുടേത് ചെറുത്തുനില്‍പ്പാണ്. എന്നാല്‍, ചിലര്‍ പലസ്തീനികളെ ഭീകരവാദികളാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് വേണ്ടി പോരാടിയ യാസിർ അറാഫത്തിനെ പടിഞ്ഞാറൻ മാധ്യമങ്ങൾ ഭീകരൻ എന്ന് മുദ്ര കുത്തി. 

06:05 PM (IST) Nov 11

നിർണായക അടിയന്തര യോഗം, അറബ്-ഇസ്ലാമിക് നേതാക്കൾ സൗദിയിൽ

ഗാസയിലെ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാനുള്ള അടിയന്തര ഉച്ചകോടിയിൽ പങ്കെടുക്കാനായി അറബ്-രാഷ്ട്ര നേതാക്കൾ സൗദി അറേബ്യയിൽ. ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിൽ ഗാസ വിഷയം മാത്രമാണ് അജണ്ട. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇറാൻ പ്രസിഡന്റും യോഗത്തിൽ പങ്കെടുക്കുന്നതിനായി സൗദിയിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയിസി സൗദിയിലെത്തുന്നത്. 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. 

06:05 PM (IST) Nov 11

മുസ്ലിം ലീഗ് നിലപാടിൽ മുഖ്യമന്ത്രിയുടെ മറുപടി

 കോഴിക്കോട്ടെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്നും വിട്ടുനിൽക്കുന്ന മുസ്ലിംലീഗിനെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ വേർതിരിവില്ലാതെ, മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിത്. ഞങ്ങളെ വിളിച്ചാൽ വരുമെന്ന് ചിലർ പറഞ്ഞു. ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞത് കൊണ്ടാണ് ക്ഷണിച്ചത്. അവർ വരില്ലെന്ന് അറിയാമായിരുന്നുവെന്നാണ് മുസ്ലിംലീഗ് റാലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം. 

07:23 AM (IST) Nov 11

എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു

എൻഡോസൾഫാൻ ദുരിതബാധിതനായ 13 വയസുകാരൻ മരിച്ചു. കാസർകോട് അമ്പലത്തറ ബിരിയാലിലെ മോഹനന്റെ മകൻ മിഥുൻ ആണ് മരിച്ചത്. ജന്മനാ കിടപ്പു രോഗിയായ മിഥുൻ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.

07:22 AM (IST) Nov 11

കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയിൽ മകളുടെ വീട്ടിലെത്തിയതായിരിന്നു രാജപ്പൻ. വീടിനോട് ചേർന്നുള്ള ചാർപ്പിലയിരുന്നു ഉറങ്ങാൻ കിടന്നത്. 

07:22 AM (IST) Nov 11

നൂറനാട്ടെ മണ്ണെടുപ്പ്; ആലപ്പുഴയില്‍ ഇല്ലാതാവുക രണ്ട് മലനിരകള്‍

ദേശീയപാത വികസനത്തിനായി കുന്നിടിച്ചുള്ള മണ്ണെടുപ്പ് കഴിയുന്നതോടെ ആലപ്പുഴ ജില്ലയിൽ ആകെയുള്ള രണ്ട് മലനിരകളും ഇല്ലാതാകും. പാലമേൽ പഞ്ചായത്തില്‍ മാത്രം 120 ഏക്കറിലെ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകാന്‍ കരാറുകാര്‍ സ്ഥലമുടകളുമായി ധാരണയിലെത്തിക്കഴിഞ്ഞു. Read More

07:22 AM (IST) Nov 11

വില വര്‍ധന നവകേരള സദസിന് ശേഷം നടപ്പാക്കാൻ ആലോചന

സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത് നവകേരള സദസിന് ശേഷം നടപ്പിൽ വരുത്താൻ ഭക്ഷ്യ വകുപ്പ് ആലോചന. 7 വർഷത്തിന് ശേഷം വില കൂട്ടാൻ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗമാണ് അനുമതി നൽകിയത്. Read More

07:18 AM (IST) Nov 11

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്ട്. സ്വപ്നനഗരിയിലെ യാസര്‍ അറാഫത്ത് നഗറില്‍ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ നേതാവ് ബിനോയ് വിശ്വം,സമസ്ത മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി, എപി വിഭാഗം നേതാവ് സി.മുഹമ്മദ് ഫൈസി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.