നൂറനാട്ടെ മണ്ണെടുപ്പ്; ആലപ്പുഴയില്‍ ഇല്ലാതാവുക രണ്ട് മലനിരകള്‍, പാലമേലില്‍ മാത്രം 120 ഏക്കറിലെ കുന്നിടിക്കും
വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകാൻ ഇടയുള്ള പ്രശ്നത്തിൻ്റെ യഥാർത്ഥ ചിത്രം ഹൈക്കോടതിക്ക് മുന്നിലെത്തിക്കാൻ പഞ്ചായത്തിന് കഴിയാഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്.

ആലപ്പുഴ: ദേശീയപാത വികസനത്തിനായി കുന്നിടിച്ചുള്ള മണ്ണെടുപ്പ് കഴിയുന്നതോടെ ആലപ്പുഴ ജില്ലയിൽ ആകെയുള്ള രണ്ട് മലനിരകളും ഇല്ലാതാകും. പാലമേൽ പഞ്ചായത്തില്‍ മാത്രം 120 ഏക്കറിലെ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകാന്‍ കരാറുകാര്‍ സ്ഥലമുടകളുമായി ധാരണയിലെത്തിക്കഴിഞ്ഞു. വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകാൻ ഇടയുള്ള പ്രശ്നത്തിൻ്റെ യഥാർത്ഥ ചിത്രം ഹൈക്കോടതിക്ക് മുന്നിലെത്തിക്കാൻ പഞ്ചായത്തിന് കഴിയാഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്.
ആലപ്പുഴ ജില്ലയില്‍ ആകെയുള്ളത് രണ്ട് മലനിരകളാണ്. ഒന്ന് പാലമേല്‍ പഞ്ചായത്തിലും മറ്റൊന്ന് മുളക്കുഴ പഞ്ചായത്തിലും. മുളക്കുഴയിലെ കുന്നുകളില്‍ നിന്ന് ഇതിനകം പകുതിയിലേറെ മണ്ണെടുത്തുകഴിഞ്ഞു. പാലമേല്‍ പഞ്ചായത്തിൽ നാല് കുന്നുകളിളാണ് തുരക്കുന്നത്. മറ്റപ്പള്ളിക്ക് പുറമേ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവ. ഒരു ഹെക്ടര്‍ തുരന്നാൽ കിട്ടുന്നത് 95,700 മെട്രിക് ടണ്‍ മണ്ണാണ്. ഇത്തരത്തില്‍ 14 ഹെക്ടറിലെ ഭൂമി ഉടമകളുമായി കരാറുകാരന് ധാരണയിൽ എത്തിക്കഴിഞ്ഞു. ഘട്ടം ഘട്ടമായി ഇതിനെല്ലാം അധികൃതര്‍ പാസ് അനുവദിക്കും. ഒടുവില്‍ രണ്ട് വർഷത്തിനുള്ളില്‍ ദേശീയ പാത നിര്‍മ്മാണം പൂർത്തിയാകുമ്പോള്‍ ആലപ്പുഴ ജില്ലയിലെ രണ്ട് മലനിരകളും ഇല്ലാതാവും.
കുടിവെള്ളമാണ് മറ്റൊരു പ്രശ്നം. പ്രദേശത്തെ ഏക കുടിവെള്ള ടാങ്ക് മണ്ണെടുപ്പിൽ തകരുമെന്ന ഭീതി. മറ്റപ്പള്ളി കവലയില്‍ നിന്ന് കുത്തനെ കുന്ന് കയറിയാലെ ടാങ്കിനടത്തെത്തൂ. ഈ കുന്നകളുടെ അടിവാരത്താണ് കരിഞ്ഞാഴി പുഞ്ച. പ്രദേശത്ത് ജലലഭ്യത ഉറപ്പ് വരുത്തുന്ന തണ്ണീർത്തടങ്ങള്‍. കുന്നുകള്‍ ഇല്ലാതാവുന്നതോടെ ഈ തണ്ണീർത്തടങ്ങള്‍ വറ്റും. പിന്നെ കുടിവെള്ളത്തിന് നാട്ടുകാർ നെട്ടോട്ടമോടണം എന്നതാവും അവസ്ഥ. ഇവിടെ നിന്ന് എട്ട് കിലോമീറ്ററിനപ്പുറം ജനവാസമില്ലാത്ത മേഖലകളുണ്ട്. ഇവിടെ നിന്ന് മണ്ണെടുക്കാന്‍ പക്ഷെ കരാറുകാര്‍ക്ക് താല്‍പ്പര്യമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാരണം കച്ചവടക്കണ്ണ് തന്നെ. മറ്റപ്പള്ളിയില്‍ സംസ്ഥാന പാതയോടെ ചേർന്നുള്ള കുന്നിടിച്ചാല്‍ എളുപ്പം ലോറികളില്‍ മണ്ണ് കൊണ്ട് പോകാം. ദൂരെയുള്ള സ്ഥമാണെങ്കില്‍ ചെലവ് കൂടൂം. ലാഭം കുറയും. ജനങ്ങള്‍ ദുരിതം അനുഭവിച്ചാലും സ്വന്തം പോക്കറ്റ് നിറയുമല്ലോ എന്നാണ് ചിന്തയെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.