അവധി ആവശ്യം നിഷേധിച്ചപ്പോൾ ഉണ്ടായ വാക്കുതർക്കത്തിൽ ജയിലിലായി, ഒടുവിൽ പ്രധാനമന്ത്രിയുടെ ഇടപെടലിൽ മോചനം
പാലക്കാട്: കള്ള പരാതിയെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ കുടുങ്ങിയ മലയാളി ഒടുവിൽ ജയിൽ മോചിതനായി. പാലക്കാട് പള്ളിപ്പുറം സ്വദേശി രഞ്ജിത്ത് രവിയാണ് ജയിൽ മോചിതനായ വിവരം വീട്ടുകാരെ അറിയിച്ചത്. കള്ള പരാതിയിൽ മൂന്ന് മാസം തടവിൽ കഴിയേണ്ടി വന്ന രഞ്ജിത്തിന്റെ മോചനത്തിനായി വീട്ടുകാർ സർക്കാർ ഇടപെടൽ തേടിയിരുന്നു. ഉടൻ നാട്ടിലെത്തുമെന്ന് രഞ്ജിത് അറിയിച്ചതായി വീട്ടുകാർ പറഞ്ഞു.
മൂന്നുമാസമായി അംഗോളയിലെ ജയിലില്‍: പള്ളിപ്പുറം സ്വദേശിയുടെ മോചനത്തിനായി കുടുംബം
അംഗോളയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രഞ്ജിത്ത് രവി നാട്ടിലേക്ക് വരാൻ അവധിക്ക് അപേക്ഷിച്ചതോടെയാണ് പ്രതിസന്ധിയിൽ ആയത്. അവധി ആവശ്യം നിഷേധിക്കപ്പെട്ടപ്പോൾ, രഞ്ജിത്ത് ഉദ്യോഗസ്ഥരുമായി കോർത്തു. പിന്നാലെ ശമ്പളം മുടങ്ങി. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയപ്പോൾ കേസിലും അകപ്പെട്ടു. തിരിമറി ആരോപിച്ച് കമ്പനി നൽകിയ വ്യാജ പരാതിയാണ് രഞ്ജിത്തിനെ തടവറയിലാക്കിയത്.

ജയിലിൽ നിന്ന് ആഴ്ചയിൽ രണ്ട് തവണ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന രഞ്ജിത്ത് ജലിയിലെ ക്രൂരത വീട്ടുകാരെ അറിയിച്ചിരുന്നു. സഹതടവുകാർ ഉപദ്രവിക്കുന്ന വിവരം ഉൾപ്പെടെ. അവിടുത്തെ പൊലീസുകാരുടെ സഹായത്തോടെ ചിത്രീകരിച്ച ഒരു വീഡിയോയും നാട്ടിലേക്ക് അയച്ചിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളുമായി കുടുംബം നിരവധി വാതിലുകളിൽ മുട്ടിയെങ്കിലും എല്ലാവരും മുഖം തിരിക്കുകയായിരുന്നു ഒടുവിൽ പ്രധാനമന്ത്രിക്ക് നൽകിയ അപേക്ഷയാണ് രഞ്ജിത്ത് രവിയുടെ മോചനത്തിലേക്കും മടങ്ങിവരവിനും വഴി തെളിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ജയിൽ വാസത്തിന് ശേഷം ഉടൻ നാട്ടിലെത്തുമെന്ന് രഞ്ജിത്ത് രവി അറിയിച്ചതോടെ കണ്ണീരൊഴിയുകയാണ് ഈ കുടുംബത്ത് നിന്ന്. മോചനത്തിനായി ഒപ്പം നിന്ന എല്ലാവരെയും നന്ദി അറിയിക്കുകയാണ് ഈ കുടുംബം.
