ജലന്ധർ ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലെ അധ്യാപകനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകന് നിർബന്ധിച്ചുവെന്നും ആ തീരുമാനത്തിൽ ഞാൻ ദുഃഖിക്കുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ദില്ലി: പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി അഖിൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ജലന്ധർ ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലെ അധ്യാപകനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകന് നിർബന്ധിച്ചുവെന്നും ആ തീരുമാനത്തിൽ ഞാൻ ദുഃഖിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കോഴിക്കോട് എന്‍ഐടിയിലെ വിദ്യാർത്ഥി ആയിരുന്നു അഖിൻ.

ഇന്നലെ വൈകീട്ടാണ് ബാച്ച്ലർ ഓഫ് ഡിസൈന്‍ ഒന്നാം വർഷ വിദ്യാർത്ഥിയായ അഖിന്‍ എസ് ദിലീപിനെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിൽ നിലയില്‍ കണ്ടെത്തിയത്. ചേർത്തല പള്ളിപ്പുറം സ്വദേശിയായ ദിലീപ് കുമാറിന്‍റെ മകനാണ് 21 വയസുള്ള അഖിന്‍. സംഭവം മറച്ചുവയ്ക്കാന്‍ സർവകലാശാല അധികൃതർ ശ്രമിച്ചെന്നാരോപിച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾ ക്യാംപസില്‍ പ്രതിഷേധിച്ചു. നിരവധി മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലാണ് വിദ്യാ‍ർത്ഥികളുടെ പ്രതിഷേധം. പത്ത് ദിവസത്തിനിടെ രണ്ടാമത്തെ മരണമാണെന്നും, സംഭവം മറച്ചുവയ്ക്കാന്‍ അധികൃതർ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. വാതിലുകൾ പൂട്ടിയിട്ട് വിദ്യാർത്ഥികളെ തടയാന്‍ ശ്രമിച്ച ക്യാംപസിലെ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തമ്മില്‍ സംഘർഷവുമുണ്ടായി.

രാത്രിയോടെ സർവകലാശാലയിലെത്തിയ പൊലീസ് ലാത്തിചാർജ് നടത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഹോസ്റ്റല്‍മുറിയില്‍നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് എഴുതിയിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് അഖിന്‍റെ മാതാപിതാക്കൾ ജലന്ധറിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ആം ആദ്മി പാർട്ടി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള സർവലാശാലയായതിനാല്‍ പരാതിയില്‍ നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖരാരിയ ആരോപിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് സർവകലാശാല അധികൃതരും അറിയിച്ചു.