Vlogger Rifa Mehnu death : റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോ‍ർട്ടം നടത്താനാണ് അന്വേഷണ സംഘം അനുമതി തേടിയിരിക്കുന്നത്.  

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ (Vlogger Rifa Mehnu) മരണത്തിലെ ദുരൂഹതയില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ആർഡിഒയ്ക്ക് അപേക്ഷ നല്‍കി. ഭർത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോ‍ർട്ടം നടത്താനാണ് അന്വേഷണ സംഘം അനുമതി തേടിയിരിക്കുന്നത്. അനുമതി തേടി ആർഡിഒയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. 

അനുമതി ലഭിച്ചാല്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടർമാരെത്തി പോസ്റ്റ്മോ‍ർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹ്ത്യാ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി അനുമതി തേടിയിരിക്കുന്നത്.

Read More : Rifa Mehnu: വ്ലോഗർ റിഫ മെഹ്നുവിൻ്റെ മരണത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു

മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പോലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും , മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.